Published : Dec 09, 2023, 08:07 AM ISTUpdated : Dec 09, 2023, 09:33 PM IST

Malayalam News Live : കാനത്തിന് വിട പറഞ്ഞ് ആയിരങ്ങൾ, വിലാപയാത്ര ചെങ്ങന്നൂരിലേക്ക്

Summary

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന മുദ്രാവാക്യം വിളികളുടെ ആദരവും അഭിവാദ്യവും സ്നേഹവും ഏറ്റുവാങ്ങിയാണ് തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരൻ തലസ്ഥാന നഗരം വിട്ടത്.

Malayalam News Live : കാനത്തിന് വിട പറഞ്ഞ് ആയിരങ്ങൾ, വിലാപയാത്ര ചെങ്ങന്നൂരിലേക്ക്

09:33 PM (IST) Dec 09

മുട്ട വണ്ടി മറിഞ്ഞു

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ മുട്ടയുമായി വന്ന വാഹനം മറിഞ്ഞു. ഒന്നാം വളവിന് താഴെയായാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. മുട്ട പൊട്ടിയതിനെത്തുടർന്ന് റോഡിൽ വഴുക്കലുണ്ടായതിനാൽ അഗ്നിരക്ഷ സേനയെത്തി സ്ഥലം വൃത്തിയാക്കി.

09:31 PM (IST) Dec 09

കള്ളൻ പിടിയിൽ

കണ്ണൂർ പയ്യന്നൂരിൽ  പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് പിടിയിലായത്. കഴിഞ്ഞ മാസം 27നായിരുന്നു കവർച്ച.

09:31 PM (IST) Dec 09

നയവ്യതിയാനം അപമാനകരമെന്ന് നാണു

ജനതാദൾ എസിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് മുൻ മന്ത്രി സികെ നാണു. പാർട്ടി വളരെക്കാലമായി സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോട്ടു പോകുന്നത് ജനങ്ങൾക്ക് മുന്നിൽ അപമാനമുണ്ടാക്കുന്നതാണ്. ഇത് തുറന്നുപറയുക എന്നത് പാർട്ടിയിൽ ഏറെക്കാലം പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ തന്റെ കടമയാണെന്നും സികെ നാണു പറഞ്ഞു

09:29 PM (IST) Dec 09

വീയപുരം ചുണ്ടൻ ചാമ്പ്യന്മാര്‍

സി ബി എല്‍ ചാമ്പ്യന്‍ഷിപ്പും പ്രസിഡന്റ്‌സ് ട്രോഫിയും വീയപുരം ചുണ്ടന്. അഷ്ടമുടി കായലിൽ നടന്ന മത്സരത്തിൽ  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ഒമ്പതാമത് പ്രസിഡന്റ്‌സ് ട്രോഫിയിലും ചാമ്പ്യന്‍സ് ബോട്ട് ലീഗിലും കിരീടം നേടിയത്.  12 മത്സരങ്ങളില്‍ നിന്നായി 116 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വീയപുരം ചുണ്ടന്‍ ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 109 പോയിന്റുമായി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ സി ബി എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനതെത്തി. 89 പോയിന്റുകളുമായി കേരള പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാംസ്ഥാനതെത്തി.
 

09:28 PM (IST) Dec 09

നിർമ്മാണം അനന്തമായി തടയാനാവില്ല!

കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അനന്തമായി തടയാൻ ആകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ കണ്ണൂര്‍ കോടതി സമുച്ചയ നിർമ്മാണം അനുവദിക്കരുത് എന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. എന്നാൽ കോടതികളുടെ പ്രവർത്തനത്തെ അനന്തമായി ബാധിക്കുന്ന തരത്തിൽ ഉള്ള തീരുമാനം എടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണം സംബന്ധിച്ച തൽസ്ഥിതി അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ തൽസ്ഥിതി അറിയിക്കാൻ ആണ് നിർദേശം.

 

09:27 PM (IST) Dec 09

നാണുവിനോട് കടക്ക് പുറത്തെന്ന് ദേവഗൗഡ

ജെഡിഎസ് വൈസ് പ്രസിഡന്‍റ് സി കെ നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റ് സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

09:27 PM (IST) Dec 09

ഹമാസുമായി ബന്ധപ്പെട്ട മറുപടിയിൽ വിവാദം

ഹമാസുമായി ബന്ധപ്പെട്ട്  വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വിവാദം. തൻറ് പേരില്‍ നല്‍കിയ മറുപടി തന്‍റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി  വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

09:26 PM (IST) Dec 09

സ്വര്‍ണവേട്ട

വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണം വാങ്ങാൻ എത്തിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു

09:26 PM (IST) Dec 09

എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടൽ കെട്ടിടത്തിൻെറ മുകളിൽ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്ത് അമ്മയൊക്കൊപ്പമായിരുന്നു താമസം. റിക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി. മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും   അച്ഛൻ വെഞ്ഞാറമൂട് പൊലിസിന് മൊഴി നൽകി.

06:02 PM (IST) Dec 09

വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. 

06:02 PM (IST) Dec 09

'പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി', നവകേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

നവ കേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറ്റെൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് വ്യക്തമാക്കി.

04:56 PM (IST) Dec 09

തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ ഉച്ച ഭക്ഷണം കഴിച്ച് മടങ്ങവേ കാറിടിച്ച് മരിച്ചു

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ആയിരുന്നു അപകടം. അമിത വേഗതയിൽ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാർ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

04:00 PM (IST) Dec 09

ഓർക്കാട്ടേരിയിൽ യുവതിയുടെ ആത്മഹത്യ

ട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

03:59 PM (IST) Dec 09

കനലോര്‍മ്മയായി കാനം

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന മുദ്രാവാക്യം വിളികളുടെ ആദരവും അഭിവാദ്യവും സ്നേഹവും ഏറ്റുവാങ്ങിയാണ് തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരൻ തലസ്ഥാന നഗരം വിട്ടത്.

03:51 PM (IST) Dec 09

സികെ നാണുവിനെ ജെഡിഎസില്‍നിന്ന് പുറത്താക്കിയെന്ന് ദേവഗൗഡ

സി കെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി. സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു

12:59 PM (IST) Dec 09

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്തെ ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അതിഥി.

12:58 PM (IST) Dec 09

ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്; പാതകളില്‍ വാഹനങ്ങളുടെ നീണ്ടനിര

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ പലയിടത്തും ഗതാഗത ക്രമീകരണവുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് മണിക്കൂറുകളോളമാണ് അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത്. ശബരിമല സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതല്‍ എരുമേലി ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.

11:48 AM (IST) Dec 09

കാനത്തിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരും നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അർപ്പിച്ചു. 

11:44 AM (IST) Dec 09

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന്  തെരച്ചിൽ ആരംഭിച്ചിരുന്നു.

11:43 AM (IST) Dec 09

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്; പ്രതികളുമായി തെളിവെടുപ്പ്

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത പ്രതി പത്മകുമാറിന്‍റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.  കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പൊലീസ് സുരക്ഷയില്‍ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറൻസിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്. 

11:43 AM (IST) Dec 09

ഡോ. റുവൈസിന്റെ അച്ഛനെയും പ്രതി ചേർത്തു

ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍  ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

11:43 AM (IST) Dec 09

ചാവക്കാട് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

 തൃശ്ശൂര്‍ ചാവക്കാടില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മരിച്ചത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു.

11:43 AM (IST) Dec 09

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ (28) ആണ്‌ ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. ജോലി ശരിയാവാത്തതിനെ തുടർന്ന് അടുത്തിടെ അജ്മൽ ദുബായിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വന്നിരുന്നു. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ അജ്മൽ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു.

08:09 AM (IST) Dec 09

ഡോ. റുവൈസിന്റെ അച്ഛൻ ഒളിവിൽ

ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛൻ ഒളിവിലെന്ന് പൊലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനായി പൊലീസ് അന്വേഷിക്കുന്നത്. Read More

08:08 AM (IST) Dec 09

മൃതദേഹം ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും

കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കും. രാവിലെ 7 മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തലസ്ഥാനത്തേക്ക് കൊണ്ടുവരുക. തുടർന്ന് ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനം നടക്കും. തുടർന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും.നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം.  

08:08 AM (IST) Dec 09

കാനം രാജേന്ദ്രന് അന്ത്യാഞ്ജലി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരളസദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുന്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ‍ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.


More Trending News