
തിരുവനന്തപുരം: പുതിയ ഡയറക്ടർക്ക് ആശംസയറിച്ച് ഇറക്കിയ സമൂഹമാധ്യമ പോസ്റ്ററിൽ പുലിവാല് പിടിച്ച് മലയാളം മിഷൻ. കവി മുരുകൻ കാട്ടക്കടയാണ് ( Murukan Kattakada) മലയാളം മിഷന്റെ പുതിയ മേധാവി. കവിക്ക് ആശംസയറിയിച്ച് തയ്യാറാക്കിയ പോസ്റ്ററിൽ ജാതിപ്പേര് ചേർത്ത് ആർ മുരുകൻ നായർ എന്നാണ് നൽകിയത്. ആർ മുരുകൻ നായർക്ക് മലയാളം മിഷനിലേക്ക് സ്വാഗതം എന്നെഴുതിയതിന് താഴെയായി ബ്രാക്കറ്റിൽ ചെറിയ അക്ഷരത്തിൽ മുരുകൻ കാട്ടക്കടയെന്ന് നൽകുകയായിരുന്നു.
‘മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആർ മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാർദ്ദമായ സ്വാഗതം‘ എന്നായിരുന്നു പോസ്റ്റർ.
വിവാദമായ പോസ്റ്റർ
പ്രശസ്ത കവിയെ ജാതിപ്പേര് ചേർത്ത് പോസ്റ്ററുണ്ടാക്കി നടത്തിയ പ്രചാരണത്തിനെതിരെ ഇടത് സഹയാത്രികർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മുരുകൻ കാട്ടക്കടയെന്ന് തന്നെ എഴുതി പുതിയ പോസ്റ്റർ പുറത്തിറക്കി. ഔദ്യോഗിക രേഖയിലെ പേര് ചേർത്ത് സമൂഹ മാധ്യമ പോസ്റ്റർ തയ്യാറാക്കുകയായിരുന്നുവെന്നാണ് മലയാളം മിഷൻ്റെ വിശദീകരണം.
മലയാളം മിഷൻ്റെ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് കവി ചുമതലയേറ്റെടുത്ത്.
തിരുത്ത് വരുത്തിയ പോസ്റ്റർ
പേരിലെ ജാതിവാൽ മുരുകൻ കാട്ടാക്കടക്ക് പറയാനുള്ളത്
സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്ന് കവി മുരുകൻ കാട്ടാക്കട ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒഴിവാക്കാമായിരുന്ന പിഴവാണ് സംഭവിച്ചത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് മാറ്റിയിട്ടുണ്ട്. മുരുകൻ കാട്ടാക്കട എന്ന് തന്നെ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കവി വ്യക്തമാക്കി.
സർക്കാർ രേഖയിൽ ഔദ്യോഗിക പേര് അങ്ങനെയാണ്, പോസ്റ്റർ ഉണ്ടാക്കിയവർ ആ പേര് അത് പോലെയെടുത്ത് കൊടുക്കുകയായിരുന്നു, തീർത്തും സാങ്കേതികമായ ഒരു പിശകാണെന്നും അതിൽ വലിയ വിവാദങ്ങളുണ്ടാക്കേണ്ട സാഹചര്യമില്ലെന്നുമാണ് മുരുകൻ കാട്ടക്കട്ടയുടെ പ്രതികരണം. എസ്എസ്എൽസി ബുക്കിലേ പേരാണല്ലോ എല്ലാ രേഖകളിലും വരുന്നതെന്നാണ് കവിയുടെ വിശദീകരണം.
വിമർശനങ്ങളെ മാനിക്കുന്നുവെന്നും ഇത് വരെയെടുത്ത നിലപാടുകൾക്കുള്ള അംഗീകാരമായാണ് ഈ സംഭവത്തിൽ വരുന്ന പ്രതികരണങ്ങളെന്നും കവി അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam