സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളം കയറി.
10:52 AM (IST) May 19
മലപ്പുറം പുളിക്കലിൽ മദ്രസ അദ്ധ്യാപകൻ മിനി ലോറി ഇടിച്ചു മരിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി ആണ് മരിച്ചത്.പുലർച്ചെ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് അപകടം.
10:41 AM (IST) May 19
മഴയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. അതേസമയം, കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.
08:26 AM (IST) May 19
ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്
08:26 AM (IST) May 19
പണപ്പിരിവ് പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നൽകാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്‍റെ പരാതി.
08:25 AM (IST) May 19
ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വി.ഐ.പി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്.
08:24 AM (IST) May 19
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തു.
08:24 AM (IST) May 19
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.