ലോകകപ്പ് ഫൈനലില്‍ ഇടം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ന്യുസീലൻഡ് ആണ് എതിരാളികൾ. മുംബൈയിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ന്യൂസീലൻഡിനെതിരെ സെമിപോരിന് ഇറങ്ങുന്പോൾ പഴങ്കഥകളും ചരിത്രവുമൊന്നും ടീം ഇന്ത്യയെ അലട്ടുന്നില്ല. ലോകകപ്പിലെ എല്ലാ മത്സരവും ജയിച്ചാണ് വാങ്കഡേയിൽ ഇറങ്ങുന്നതെങ്കിലും ഇന്ത്യയിൽ എപ്പോഴും സമ്മർദം ടീമിനൊപ്പം ഉണ്ടെന്നും രോഹിത് ശർമ്മ.

11:10 AM (IST) Nov 15
കോഴിക്കോട് ചാത്തമംഗലം കളംന്തോട് എംഇഎസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.
11:09 AM (IST) Nov 15
കോഴിക്കോട് സെയില്‍സ് ഗേളിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കടയുടമ അറസ്റ്റില്‍. പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ ചേനായി റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെയാണ് സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചതെന്നാണ് കേസ്. സംഭവത്തില്‍ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത്
10:51 AM (IST) Nov 15
സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. read more
10:00 AM (IST) Nov 15
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന വാർത്തയിലും ഖേദപ്രകടിപ്പിച്ചു. മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. പെൻഷൻ കിട്ടാതെ ഭിക്ഷ യാചിച്ച മറിയകുട്ടിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.
10:00 AM (IST) Nov 15
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ഉയര്‍ന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ സത്യപ്രതിജ്ഞാ പന്തലിനെ പ്രതിപക്ഷം കണ്ടത് അങ്ങനെയായിരുന്നു. ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തു. എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യ ചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓര്‍മ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സര്‍ക്കുലര്‍ പലതവണയിറക്കി.
08:57 AM (IST) Nov 15
ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന്‍റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല. വധശിക്ഷയില്‍ പ്രതിക്ക് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉള്‍പ്പെടെ അവസരമുള്ളതിനാല്‍ പല കടമ്പകള്‍ കടന്നശേഷം മാത്രമെ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മേല്‍ക്കോടതികള്‍ പ്രതിയുടെ അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയടക്കമുള്ള വഴികള്‍ പിന്നെയും അവശേഷിക്കുന്നുണ്ട്. ദയാഹര്‍ജി തീര്‍പ്പാക്കാനുള്ള കാലതാമസം ഉള്‍പ്പെടെ തീരുമാനം വൈകുന്നതിന് കാരണമാകും. മൂന്നു പതിറ്റാണ്ടിനിടെ കേരളത്തില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല.
08:45 AM (IST) Nov 15
200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് & സ്ട്രോങ് ഓഫീസുകൾ സേഫ് & സ്ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകൾ റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവ്.
07:26 AM (IST) Nov 15
നിര്‍മ്മാണം പൂര്‍ത്തിയാകാതെ കാടുമൂടി കാസര്‍കോട് ബേഡഡുക്കയിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ ഹൈടെക് ആട് ഫാം. മലബാറി ആടുകളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ, നിർമ്മാണം പൂർത്തിയായത് ഓഫീസ് കെട്ടിടം മാത്രമാണ്.
07:25 AM (IST) Nov 15
കോട്ടയം നീണ്ടൂരില്‍ വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത് കൂട്ടിയിട്ട നെല്ലിന് മുകളിലേക്ക് സെപ്റ്റിക് മാലിന്യം തളളിയ അതേ പാടശേഖരത്തിലാണ് വീണ്ടും സമാനമായ ക്രൂരത. സിസിടിവിയുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുളിന്‍റെ മറവിലെ തോന്ന്യാസം.
07:24 AM (IST) Nov 15
സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. വർക്കല മുട്ടപ്പലം സ്വദേശി കാർത്തിക്കിനെ കോടതി റിമാന്‍ഡ് ചെയ്തു. സോഷ്യൽ മീഡിയകളിൽ വിദ്യാർത്ഥിനികൾ അപ്‌ലോഡ് ചെയ്ത ഫോട്ടോ ഉപയോഗിച്ചായിരുന്നു മോര്‍ഫിങ്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രമാക്കി പ്രതി മൊബൈലിൽ സൂക്ഷിച്ചിരുന്നു. അവിചാരിതമായി പ്രതിയുടെ സുഹൃത്ത് ഇത് കണ്ടതോടെ സംഭവം പുറംലോകമറിഞ്ഞത്.
07:22 AM (IST) Nov 15
9 വയസുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് എറണാകുളത്ത് പിടിയിൽ. കിഴക്കന്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ഉച്ചയോടെ കിഴക്കന്പലം താമരച്ചാൽ ബൈപാസ് റോഡിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ കാർ പാർക്ക് ചെയ്ത് സുഹൃത്തിന്റെ കടയിലേക്ക് പോയ സമയത്ത് കാറിലിരുന്ന് മൊബൈലിൽ കളിക്കുകയായിരുന്നു കുട്ടി. ഈ സമയം കളിതോക്കുമായി ബൈക്കിൽ എത്തിയ ആൽബിൻ കുട്ടിയോട് കാറിൽ നിന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ നാട്ടുകാർ ഓടിയെത്തി. ഇതിനിടെ ആൽബിൻ ബൈക്കിൽ സ്ഥലം വിടുകയായിരുന്നു
07:22 AM (IST) Nov 15
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് വിശദീകരണം തേടിയത്. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ വിശദീകരണം നൽകണം. അദാനിയേയും മോദിയെയും ചേർത്തുള്ള പോസ്റ്റിലാണ് നടപടി. പ്രധാന മന്ത്രിക്കെതിരായ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധിക്കും കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. പൊതുമേഖലാ സ്ഥാപനമായ BHEL സുഹൃത്തുക്കൾക്ക് നരേന്ദ്ര മോദി കൈമാറി എന്ന പരാമർശത്തിലാണ് നോട്ടീസ്.
07:21 AM (IST) Nov 15
ഇലക്ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരം കൈമാറാൻ രാഷ്ടീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ സമയം ഇന്നവസാനിക്കും. തെരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടിയ സംഭാവനകളുടെ വിവരം മുദ്രവച്ച കവറിൽ വൈകിട്ട് അഞ്ചിനു മുമ്പ് നല്കാനാണ് നിർദ്ദേശം. ഇലക്ട്രൽ ബോണ്ടുകൾക്കെതിരായ ഹർജി പരിഗണിക്കുന്ന സുപ്രീം കോടതി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങൾ തേടിയിരുന്നു. ഇലക്ട്രൽ ബോണ്ട് കേസിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിധി പറയും മുമ്പ്, കമ്മീഷൻ നല്കുന്ന വിവരങ്ങൾ പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു
07:20 AM (IST) Nov 15
മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഇന്ന് കുക്കി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തും. കുക്കികളെ സർക്കാർ വേട്ടയാടുന്നു എന്ന്
ആരോപിച്ചാണ് മൂന്നിടങ്ങളിൽ റാലി നടത്തുന്നത്. റാലിയുടെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് മണിപ്പൂർ ഹൈക്കോടതിയിൽനിന്ന് വന്ന നിർദ്ദേശത്തിനെതിരെ കുക്കി സംഘടനകൾ ഇംഫാലിൽ നടത്തിയ റാലിയും തുടർന്നുണ്ടായ സംഘർഷവുമാണ് കലാപത്തിൽ കലാശിച്ചത്.
07:20 AM (IST) Nov 15
മധ്യപ്രദേശ്, ഛത്തീസ്ജഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മധ്യപ്രദേശിൽ 234 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 എഴുപത് സീറ്റുകളുമാണ് വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ റോഡ് ഷോ നടത്തി.ജാതി സെൻസസ് സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണായുധമാക്കുമ്പോൾ ജനക്ഷേമപദ്ധതികൾ മുന്നോട്ട് വച്ചാണ് ബിജെപി പ്രചാരണം നടത്തിയത്. ഛത്തീസ്ഗഗഡിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ റാലികളിൽ ഇന്ന് പങ്കെടുക്കും. ആദ്യഘട്ടത്തിൽ ഇരുപത് സീറ്റുകളിലേക്കാണ് ഛത്തീസ്ഗഗഡിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഛത്തീസ്ഗഗഡിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ കാണാനായത്
07:20 AM (IST) Nov 15
രാജ്യത്തെ പ്രമുഖ വ്യവസായിയും സഹാറ ഗ്രൂപ്പ് സ്ഥാപകനുമായ സുബ്രതാ റോയ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ
ആശുപത്രിയിലായിരുന്നു അന്ത്യം. നിയമപോരാട്ടങ്ങളെ തുടർന്ന് തളർന്ന തന്‍റെ വ്യവസായ സാമ്രാജ്യത്തെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിനിടെയാണ് അപ്രതീക്ഷിത മരണം.
07:19 AM (IST) Nov 15
ദില്ലിയിൽ വായു ഗുണനിലവാര തോത് ഗുരുതരാവസ്ഥയിൽ തുടരുന്നു. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 397 ആണ്. ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. മലിനീകരണം ചെറുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായി പറഞ്ഞു. മലിനീകരണം കുറയ്ക്കാൻ ദില്ലി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് BJP ആരോപിച്ചു. മലിനീകരണത്തിന്റെ തോത് ഗുരുതരാവസ്ഥയിൽ തുടർന്നാൽ കൃതിമ മഴയുടെ സാധ്യതയും തേടാനൊരുങ്ങുകയാണ് ദില്ലി സർക്കാർ
07:19 AM (IST) Nov 15
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്ത് എത്തിക്കാനുളള ദൗത്യം തുടരുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് തുരങ്ക കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ കുടുങ്ങിയത്. സ്റ്റീൽ പൈപ്പുകളെത്തിച്ച് പുറത്ത് എത്തിക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം. 30 മീറ്ററോളം മണ്ണും പാറയും നേരത്തെ നീക്കം ചെയ്തിരുന്നു. പൈപ്പ് കയറ്റാനുളള ഭാഗത്തെ അവശിഷ്ടങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് തുരന്ന് മാറ്റും. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെളളവും ഉറപ്പ് വരുത്തുന്നതായി ദൗത്യ സംഘം അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക അറിയിച്ചിട്ടുണ്ട് ബന്ധുക്കൾ.
07:19 AM (IST) Nov 15
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ സുപ്രീം കോടതി ഡിവിഷൻ ബഞ്ച് ഉത്തരവായി. കേരളത്തിലെ ആറ് എസ്റ്റേറ്റുകളിലെ 1892 തൊഴിലാളികൾക്ക് 28 കോടി 12 ലക്ഷം രൂപ നൽകാനാണ് രണ്ടംഗ ഡിവിഷൻ ബഞ്ച് ഉത്തരവായത്. ഗ്രാറ്റുവിറ്റി കുടിശിക നിർണയിക്കാൻ സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ്. അഭയ് മനോഹർ സാപ്രേയയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.
07:18 AM (IST) Nov 15
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിലേക്ക് മുസ്ലീം ലീഗ് അണികളെ സ്വാഗതം ചെയ്ത് CPM. മറ്റന്നാൾ നടക്കുന്ന റാലിയില്‍ ലീഗ് അണികളും പ്രാദേശിക നേതാക്കളും പങ്കെടുക്കുമെന്ന് CPM മലപ്പുറം ജില്ലാ സെക്രട്ടറി E.N മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ആര്യാടന്‍ ഷൗക്കത്തിന് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെയും റാലിയില്‍ പങ്കെടുപ്പിക്കുമെന്ന് CPM ജില്ലാ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി വന്‍ വിജയമായെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് മലപ്പുറത്തും വിപുലമായ രീതിയില്‍ റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ ക്ഷണിച്ചതിനെത്തുടര്‍ന്ന് യുഡിഎഫിലുണ്ടായ ആശയക്കുഴപ്പം രാഷ്ട്രീയമായി ഗുണം ചെയ്തെന്ന വിലയിരുത്തിലിലാണ് സിപിഎം.മലപ്പുറത്ത് നടത്തുന്ന റാലിയില്‍ ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി ക്ഷണിക്കുന്നില്ലെങ്കിലും അണികളുടേയും നേതാക്കളുടേയും മനസ് ഒപ്പമുണ്ടെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
07:18 AM (IST) Nov 15
തീർത്ഥാടനകാലത്തിന് തുടക്കമാകുന്നു. നാളെ വൈകീട്ട് അഞ്ചിന് നട തുറക്കും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളിപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ.
07:17 AM (IST) Nov 15
കേരള JDSലെ ഭിന്നതക്കിടെ ദേശീയ വൈസ് പ്രസിഡണ്ട് സി.കെ. നാണു വിളിച്ച ദേശീയ ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. NDAക്കൊപ്പം ചേർന്ന ദേവഗൗഡക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കർണാടക മുൻ സംസ്ഥാന പ്രസിഡണ്ട് സി.എം. ഇബ്രാഹിം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എന്നാൽ മാത്യു ടി. തോമസും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും അടക്കമുള്ള കേരള നേതാക്കൾ വിട്ടുനിൽക്കും. സംസ്ഥാന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ഒരു വിഭാഗം നേതാക്കൾ ഇന്നത്തെ യോഗത്തിനെത്തും. ദേവഗൗഡയും യോഗത്തെ വിലക്കിയതിനാൽ നാണു അടക്കം യോഗത്തിൽ
പങ്കെടുത്തവർക്കെതിരെയും നടപടി വന്നേക്കും.
07:16 AM (IST) Nov 15
അമേരിക്കയിൽ വെടിയേറ്റ കോട്ടയം സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. ഉഴവൂർ സ്വദേശിയായ മീരയെ ഭർത്താവ് അമൽ റെജിയാണ് വെടിവച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു
07:16 AM (IST) Nov 15
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട് മാർട്ടിൻ ആവർത്തിക്കുന്നത്.
07:15 AM (IST) Nov 15
കോഴിക്കോട്ടെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് ഹാജരാവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ 9 മണിക്കാണ് പദയാത്രയായി സ്റ്റേഷനിലേക്ക് പോവുക
07:15 AM (IST) Nov 15
കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ബങ്കുമായി ബന്ധപ്പെട്ട് നടന്ന ലോൺ ഇടപാടുകളുടെ രേഖകൾ സഹിത ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം 8 മണിക്കൂർ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടിരൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
07:14 AM (IST) Nov 15
കണ്ണൂർ അയ്യൻകുന്നിൽ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടർന്ന് തണ്ടർബോൾട്ട് സംഘം. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അന്ന് തന്നെ രാത്രിയിലും മാവോയിസ്റ്റുകൾ തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽപ്പെട്ട് വെടിയുതിർത്തു. തിരിച്ചുവെടിവെച്ചെങ്കിലും ആരെയും പിടികൂടാൻ സേനയ്ക്ക് കഴിഞ്ഞില്ല. വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
07:14 AM (IST) Nov 15
സർക്കാരുമായുള്ള പോരിനിടെ ഒരു ബില്ലിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിൽ ആണ് ഒപ്പിട്ടത്. അതേ സമയം ലോകായുക്ത, ചാൻസലർ ബിൽ അടക്കമുള്ള വിവാദ ബില്ലുകളിൽ ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. രണ്ട് PSC അംഗങ്ങളുടെ നിയമനം അംഗീകരിച്ചിട്ടുണ്ട്.
07:13 AM (IST) Nov 15
നവകേരള ജനസദസിന് മുഖ്യമന്ത്രിക്കും സംഘത്തിനും സഞ്ചരിക്കാനുള്ള ബസിന് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ബംഗലൂരുവിലാണ് ബസ് സജ്ജമാക്കുന്നത്. ഈ മാസം 18 മുതൽ ഡിസംബർ 24 വരെ നീളുന്ന മണ്ഡല പര്യടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം തയ്യാറാക്കുന്ന KSRTC ബസിലാണ് യാത്ര ചെയ്യുകയെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബസ് വാങ്ങാൻ തുക നൽകണമെന്ന് KSRTC എംഡി ആവശ്യപ്പെട്ടതും ധനവകുപ്പ് അനുവദിച്ചതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ല് മാറാൻ ധന വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം ട്രഷറിയിൽ നിലവിലുണ്ട്.