Published : Nov 18, 2023, 08:14 AM ISTUpdated : Nov 19, 2023, 08:30 AM IST

Malayalam News Highlights: നവകേരള ജനസദസിന് തുടക്കമായി

Summary

പിണറായി സർകാരിന്റെ നവകേരള ജനസദസ്സിന് കാസർകോട് തുടക്കമായി. നവകേരള ബസിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.

Malayalam News Highlights: നവകേരള ജനസദസിന് തുടക്കമായി

11:23 PM (IST) Nov 18

റോബിന് പിഴയോട് പിഴ, കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും പൊക്കി

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ. സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന.  പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു.ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായോടിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി. 

11:22 PM (IST) Nov 18

കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി സാബുവിനെ സിപിഎം തിരിച്ചെടുത്തു

കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്ന് കണ്ട് കോടതി കേസിലെ അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. പിന്നാലെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. 

11:21 PM (IST) Nov 18

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

പ്രശസ്ത ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. രാവിലെ 11 മണി മുതൽ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. വാതിൽ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് വാതിൽ തുറന്നത്.

03:50 PM (IST) Nov 18

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ജനസദസിന്‍റെ വേദിയില്‍

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള ജനസദസിന്‍റെ ഉദ്ഘാടനം വേദിയിലേക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലാണ് നവകേരള ജനസദസിന്‍റെ  ഉദ്ഘാടനം. സദസിനെത്തിയ നാട്ടുകാരിൽ നിന്ന് പരാതികൾ ഉദ്യോഗസ്ഥർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 

08:32 AM (IST) Nov 18

ത്രാസുമായി നടന്ന് മയക്കുമരുന്നു തൂക്കി വില്‍ക്കുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയിൽ

ത്രാസുമായി നടന്ന് മയക്കുമരുന്നു തൂക്കി വില്‍ക്കുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പിടിയിൽ. അറസ്റ്റിലായത് ഓച്ചിറ സ്വദേശി റിജോ, കുറവിലങ്ങാട്  സ്വദേശി ഡിനോ ബാബു, ധർമ്മടം സ്വദേശിനി മൃദുല എന്നിവർ

08:31 AM (IST) Nov 18

എൻഎസ്എസ് സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ

എൻഎസ്എസ് സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ. അറസ്റ്റിലായത് തിരുവനന്തപുരം, നേമം സ്വദേശി സജിൻ ദേവ്. ഏറണാകുളത്ത് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന ഇയാൾ പുതുപ്പള്ളി സ്വദേശിയിൽനിന്ന് പലപ്പോഴായി തട്ടിയത് 10 ലക്ഷം രൂപയാണ്

08:29 AM (IST) Nov 18

തിരുവനന്തപുരം നെടുമങ്ങാട്, വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട്, വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. പിടിയിലായവരിൽ ഒരു ഉത്തർപ്രദേശി സ്വദേശിയും. പ്രതികളെ റിമാന്‍ഡ് ചെയ്തു

08:28 AM (IST) Nov 18

ഒടുവിൽ യു പി സർക്കാരിന്റെ പരിഗണന, ഷമിയുടെ നാട്ടിൽ മിനി സ്റ്റേഡിയവും ഓപ്പൺ ജിമ്മും ഉയരും

മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ സ്റ്റേഡിയവും ജിമ്മും പണിയാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം പരിഗണിച്ചാണ് തീരുമാനം അമ്റോഹ ജില്ലയിലെ സഹസ്പൂര്‍ അലിനഗര്‍ ഗ്രാമമാണ് ഷമിയുടെ നാട്. കൗമാരകാലത്ത് നന്നായി പന്തെറിഞ്ഞിട്ടും അണ്ടര്‍ നയന്‍റീൻ ടീമിൽ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ട ഷമിക്ക് ഒടുവിൽ ജന്മനാടിന്‍റെ പരിഗണന എത്തുകയാണ്. യോഗി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം പണിയുന്ന 20 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ സഹസ്പൂര്‍ അലിനഗറും.
 

08:25 AM (IST) Nov 18

ഏകദിന ലോകകപ്പിലെ പുതിയ ചാന്പ്യൻമാരെ നാളെ അറിയാം

ഏകദിന ലോകകപ്പിലെ പുതിയ ചാന്പ്യൻമാരെ നാളെ അറിയാം. ഇന്ത്യ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. കിരീടപ്പോരിനായി
അഹമ്മദാബാദിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി ലോകകപ്പിലെ മികച്ച താരത്തിനായുള്ള ചുരുക്കപ്പട്ടിക പുറത്ത് വിട്ട് ഐസിസി. നാല് ഇന്ത്യൻതാരങ്ങളാണ് പട്ടികയിലുള്ളത്.

08:25 AM (IST) Nov 18

സര്‍ക്കാരിന്‍റെ എ സി. ബസില്‍ വ്യാജ ടിക്കറ്റ് നൽകി കണ്ടക്ടര്‍

സര്‍ക്കാരിന്‍റെ എ സി. ബസില്‍ വ്യാജ ടിക്കറ്റ് നൽകി കണ്ടക്ടര്‍. തമിഴ്നാട് സേലത്താണ് തട്ടിപ്പുകാരൻ കുടുങ്ങിയത്. കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തതായി തമിഴ്നാട് ഗതാഗതവകുപ്പ് അറിയിച്ചു

08:24 AM (IST) Nov 18

പാലാ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പപെന്‍ഷന്‍

പാലാ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പപെന്‍ഷന്‍. ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ.തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. വാഹനപരിശോധനയുടെ പേരിലാണ് പാല സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്.പെരുമ്പാവൂര്‍ സ്വദേശിയായ 17 കാരന് പാര്‍ത്ഥിപന് നട്ടെല്ലിനാണ് പരിക്ക് പറ്റിയത്.മര്‍ദ്ദിച്ചെന്ന പാര്‍ത്ഥിപന്‍റെ പരാതി പാലാ പൊലീസ് ആദ്യം നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പാലാ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി.ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിഐജി 2 പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. 

08:22 AM (IST) Nov 18

കൊച്ചി വൈപ്പിനിലെ കാളമുക്ക് വള്ളക്കടവ് ഹാര്‍ബറിന്‍റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

കൊച്ചി വൈപ്പിനിലെ കാളമുക്ക് വള്ളക്കടവ് ഹാര്‍ബറിന്‍റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. നവകേരള സദസിന് മന്ത്രിമാരെത്തുന്പോൾ സമരം കടുപ്പിക്കാൻ തീരുമാനം. ഇഴഞ്ഞു നീങ്ങുന്നത് പത്ത് വർഷം മുന്പ് തുടങ്ങിയ തുറമുഖ നിർമാണം. 
 

08:22 AM (IST) Nov 18

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഭൂമി ഏറ്റെടുക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഭൂമി ഏറ്റെടുക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുന്നു. ചെന്പുമുക്ക്, പടമുകൾ സ്റ്റേഷനായി ഭൂമി വിട്ട് നൽകുന്നതിൽ ഉടമകളുടെ എതിർപ്പ് തുടരുന്നു. പുതിയ വിപണി വില അനുസരിച്ച് നഷ്ടപരിഹാരം വേണമെന്ന് ഭൂവുടമകൾ.

08:22 AM (IST) Nov 18

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റേയും മുന്‍ അക്കൗണ്ടന്‍റ് ജില്‍സിന്‍റേയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയിൽ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റേയും മുന്‍ അക്കൗണ്ടന്‍റ് ജില്‍സിന്‍റേയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയിൽ. കള്ളപ്പണ ഇടപാടില്‍ ഇരുവർക്കും നേരിട്ട് ബന്ധമുണ്ടെന്ന് ഇഡി. സിപിഎം നേതാവ് അരവിന്ദാക്ഷനുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ രേഖകളും സമർപ്പിച്ചു.
 

08:22 AM (IST) Nov 18

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി. വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന് സർക്കാർ ഉത്തരവിൽ പരാമർശം.പന്ത്രണ്ടംഗ സംഘത്തിന് ശന്പളച്ചെലവ് മാസം ആറര ലക്ഷം രൂപയിലധികം.

08:21 AM (IST) Nov 18

നവകേരള സദസ്സിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ

നവകേരള സദസ്സിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപാ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം
ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസ്സിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.

08:21 AM (IST) Nov 18

കോഴിക്കോട് കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. പൊതുമരാമത്ത് വകുപ്പ് 12 വര്‍ഷം മുമ്പ് ഏറ്റെടുത്ത റോഡില്‍ ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

08:21 AM (IST) Nov 18

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന ഒരു പ്രധാന വഴി തകർന്നുതരിപ്പണമായിട്ട് 3 കൊല്ലം

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിൽ എത്താനാകുന്ന ഒരു പ്രധാന വഴി തകർന്നുതരിപ്പണമായിട്ട് മൂന്ന് കൊല്ലമായി. ആംബുലൻസിന് പോയിട്ട്, ഒരു സ്കൂട്ടറിന് പോലും പോകാനാകാത്ത കുമാരപുരം-പൂന്തി റോഡ് നന്നാക്കി കിട്ടാൻ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. റോഡിന്റെ ശോചനീയാവസ്ഥ കാരണം പലരും വീട് ഉപേക്ഷിച്ച് പ്രദേശം വിട്ടു.

08:20 AM (IST) Nov 18

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 73.72 ശതമാനം പോളിംഗ്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 73.72 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ എഴുപത്തിയഞ്ച് ശതമാനമായിരുന്നു പോളിംഗ്. അവസാന കണക്കുകൾ ഇതിന് മുകളിലാകാനാണ് സാധ്യത.പോളിംഗ് ശതമാനം ഉയർന്നതിൽ കോൺഗ്രസും ബിജെപിയും വലിയ ആത്മവിശ്വാസത്തിലാണ്. ജനവിധി തങ്ങൾക്ക് അനുകൂലമെന്ന വിലയിരുത്തലിലാണ് ഇരു പാർട്ടികളും. അതെ സമയം ഗ്വാളിയോർ അടക്കം ചില സീറ്റുകളിൽ രാത്രി വൈകിയാണ് പോളിംഗ് പൂർത്തിയായത്.ഇതിൽ അട്ടിമറിയുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. 

08:19 AM (IST) Nov 18

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ പത്തനംതിട്ടയിലെ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ പത്തനംതിട്ടയിലെ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് നിയമലംഘനത്തിന്  7,500 രൂപ പിഴയിട്ടു. സർവീസ് തുടങ്ങി 100 മീറ്റർ പിന്നിട്ടപ്പോൾ ആയിരുന്നു ആദ്യ പരിശോധന. റാന്നിയിൽ നിന്നും കോയന്പത്തൂരിലേക്കുള്ള ബസ് യാത്ര തുടരുകയാണ്.


 

08:19 AM (IST) Nov 18

അമേരിക്കൻ നയതന്ത്ര സമ്മർദത്തിന് വഴങ്ങി ഇസ്രയേൽ, യുദ്ധത്തിൽ തകർന്ന പലസ്തീന് ആശ്വാസമായി ഇന്ധന ടാങ്കുകൾ എത്തി

യുദ്ധത്തിൽ തകർന്ന പലസ്തീന് ആശ്വാസമായി ഇന്ധന ടാങ്കുകൾ എത്തി. അമേരിക്കൻ നയതന്ത്ര സമ്മർദത്തിന് വഴങ്ങി ഒരുദിവസത്തേക്ക് ഇന്ധനവും വെള്ളവും എത്തിക്കാൻ ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് സമ്മതിക്കുകയായിരുന്നു. എന്നാൽ ഇവ ഹമാസിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ട്രാക്കിങ് നടത്തുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇതോടെ ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ച ആശുപത്രികളുടെ പ്രവർത്തനവും വാർത്താവിനിമയ സംവിധാനങ്ങളും ഭാഗികമായെങ്കിലും പുനസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പലസ്തീൻ. അതേസമയം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധത്തെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം നടത്തണമെന്ന് അഞ്ച് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
 

08:18 AM (IST) Nov 18

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ ആശങ്ക

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ ആശങ്ക തുടരുന്നു. ദില്ലിയിൽ നിന്നുമെത്തിച്ച ഓഗർ ഡ്രില്ലിംങ് മെഷീൻ അവശിഷ്ടങ്ങൾടയിലെ ലോഹപാളിയിൽ തട്ടിയതോടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇൻഡോറിൽ നിന്നും പുതിയ യന്ത്രം വ്യോമസേനയുടെ സഹായത്തോടെ സംഭവസ്ഥലത്തെത്തിക്കുമെന്ന് ദൗത്യസംഘം അറിയിച്ചു. കൂടുതൽ ദൗത്യസേനാംഗങ്ങളും തുരങ്കത്തിലെത്തും. രക്ഷാ ദൗത്യം പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മരുന്നുകളും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതായാണ് ലഭ്യമാകുന്ന വിവരം.

08:17 AM (IST) Nov 18

കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പി. അബ്ദുൾ ഹമീദ് എംഎൽഎ, മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷം

പി. അബ്ദുൾ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷം. ചർച്ച ചെയ്തെടുത്ത
തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഇ.ടി.മുഹമ്മദ് ബഷീറടക്കമുള്ളവർ അതൃപ്തി വ്യക്തമാക്കിയിരുന്നു. അണികളിൽ ഒരു വിഭാഗവും സാമൂഹിക മാധ്യമങ്ങളിലടക്കം പരസ്യ പ്രതിഷേധവുമായെത്തി. അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പലയിടത്തും പേരുവയ്ക്കാത്ത പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് ചേരുന്ന മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗത്തിൽ ഇക്കാര്യം ചർച്ചയാകും

08:17 AM (IST) Nov 18

എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി, മത്സരിച്ചെത്തിയ നേതാക്കള്‍ ക്രിമിനൽ കേസിലെ പ്രതികൾ

ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് മൂന്നാമതെത്തിയ നേതാവും ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി. കെ.സി.വേണുഗോപാല്‍ ഗ്രൂപ്പുകാരനായ കെ.പി.ശ്യാമിനെതിരായണ് കേസ്. ഒന്നും രണ്ടും സ്ഥാനക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായതോടെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ചിരുന്നു.

08:16 AM (IST) Nov 18

യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിര്‍മ്മിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് ഇന്ന്

യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിര്‍മ്മിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് ഇന്ന് യുവമോർച്ച മാർച്ച്‌ നടത്തും. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് പറവൂരിലെ ഓഫീസിലേക്കുള്ള മാര്‍ച്ച്. 
 

08:16 AM (IST) Nov 18

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് പൊലീസ് കേസ്

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷിക്കും.

അതേസമയം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചിട്ടില്ലെന്നും മറ്റുപല കാരണങ്ങൾ കൊണ്ടാണ് വോട്ടുകൾ അസാധുവായത് എന്നുമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം.

08:15 AM (IST) Nov 18

പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ കണ്ണൂരിൽ ആത്മഹത്യ ചെയ്ത കർഷകൻ സുബ്രഹ്മണ്യന്റെ ഭാര്യ

പലർക്കും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ കണ്ണൂരിൽ ആത്മഹത്യ ചെയ്ത കർഷകൻ സുബ്രഹ്മണ്യന്റെ ഭാര്യ. ഉപയോഗശൂന്യമായതെങ്കിലും സ്വന്തമായുള്ള രണ്ടരയേക്കർ ഭൂമി ആനുകൂല്യങ്ങൾ നിഷേധിക്കാൻ വിലങ്ങുതടിയായി. വാർധക്യ പെൻഷനും മുടങ്ങിയതോടെ നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനിരുന്ന സങ്കട ഹർജിയിലായിരുന്നു അവസാനത്തെ പ്രതീക്ഷ

08:15 AM (IST) Nov 18

വയനാട്ടില്‍ ക്ഷീരകര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട്ടില്‍ ക്ഷീരകര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ വീടിനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോമസിന്, മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പടെ കടബാധ്യതകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് നോട്ടീസും ലഭിച്ചിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.