അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെയുണ്ടായിരുന്ന പോളിങ് ആവേശം പിന്നീടുണ്ടായില്ല. രാവിലെ പത്തോടെ പോളിങ് മന്ദഗതിയിലായി. ഉച്ചയ്ക്ക് 12.30വരെ 30.48ശതമാനം മാത്രമാണ് പോളിങ്. ഗ്രാമീണ മേഖലയിലെ പോളിങ് ബൂത്തുകളില്‍ ഭേദപ്പെട്ട തിരക്കുണ്ടെങ്കിലും പാലക്കാട് നഗര മേഖലയിലെ ബൂത്തുകളില്‍ കാര്യമായ തിരക്കില്ല.ഈ രീതിയിൽ പോളിങ് മന്ദഗതിയിൽ തുടര്‍ന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്.
184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
12:58 PM (IST) Nov 20
നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണിവരെയുള്ള കണക്കിൽ 2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്. മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്
12:18 PM (IST) Nov 20
പാലക്കാട് പോളിംഗ് മന്ദഗതിയാകുന്നത് തിരിച്ചടിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന് വിജയം ഉറപ്പാണെന്നും കെസി വേണുഗോപാൽ. യുഡിഎഫിന് കിട്ടേട്ട വോട്ട് കൃത്യമായി പോൾ ചെയ്യപ്പെടും. സി പി എം പരസ്യം ബി ജെ പിയെ സഹായിക്കാനാണെന്നും ന്യൂനപക്ഷ വോട്ട് യു ഡി എഫി ലെത്തുന്നത് തടയാനാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
12:17 PM (IST) Nov 20
പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22ൽ (ജി യു.പി.എസ് പുത്തൂർ) വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല.
10:31 AM (IST) Nov 20
ബിജെപിക്ക് വിജയം ഉറപ്പെന്ന് ബിജെ പി ദേശീയ നിർവാഹക സമിതി അംഗം ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബി ജെ പിക്ക് കിട്ടേണ്ട വോട്ട് എവിടേക്കും പോവില്ല .നഗരം കേന്ദ്രീകരിച്ചുള്ള എല്ലാ വോട്ടും കിട്ടും .ജില്ലാ പ്രസിഡൻ്റ് വോട്ടു ചെയ്യും .ഒരു വർഷക്കാലമായി ബി ജെ പി ഓഫീസിലാണ് അദ്ദേഹം താമസിക്കുന്നത് .വോട്ട് ചെയ്യാൻ വരുമ്പോൾ തടുക്കാൻ വരുന്നെങ്കിൽ തടുത്തോളൂവെന്നും ശിവരാജൻ
10:13 AM (IST) Nov 20
പിരായിരിയിൽ 122 ാം നമ്പര്‍ ബൂത്തിൽ രണ്ട് തവണയായി വോട്ടിങ് മെഷീൻ കേടായി. ഇതേ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടു. പിരായിരി പഞ്ചായത്തിലെ ബൂത്തുകൾക്ക് മുന്നിൽ എല്ലാം നീണ്ട ക്യൂവാണുള്ളത്.
09:50 AM (IST) Nov 20
പിരായിരിയിൽ വോട്ട് ചെയ്യാനെത്തി ഒരാളുടേത് ഇരട്ട വോട്ടെന്ന് LDF ആക്ഷേപം. പിരായിരി ജി എൽ പി സ്കൂളിലെ വോട്ടറുടെ പടം എടുക്കുകയും സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു, ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചു
08:26 AM (IST) Nov 20
08:22 AM (IST) Nov 20
നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് കാണാൻ പറ്റിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
08:21 AM (IST) Nov 20
കോണ്‍ഗ്രസ് സന്ദീപ് വാര്യരെ സ്വീകരിച്ചുവെന്നും അത്തരത്തിൽ സ്വീകരിക്കേണ്ടത് തന്നെയായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടനയാണ്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത വളര്‍ത്തുന്നതിനെ സമസ്ത പങ്കുവഹിച്ചിട്ടില്ല. അത്രയധികം തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കുന്ന നയങ്ങളാണ് സമസ്ത സ്വീകരിച്ചുവരുന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന എല്ലാ മാര്‍ഗങ്ങളും സമസ്ത പിന്തുടരും. അതിന്‍റെ ഭാഗമായാണ് സന്ദീപ് വാര്യര്‍ തന്നെയും സാദിഖലി തങ്ങളെയും കണ്ടത്.
08:20 AM (IST) Nov 20
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി
07:47 AM (IST) Nov 20
07:45 AM (IST) Nov 20
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പാലക്കാട്ടെ 88ാം ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചില്ല. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ഇവിടെയാണ് വോട്ട്. സരിനും ഭാര്യ സൗമ്യ സരിനും മറ്റു വോട്ടര്‍മാരും ബൂത്തിൽ കാത്തുനിൽക്കുകയാണ്. വിവി പാറ്റിന്‍റെ ബാറ്ററി തീര്‍ന്നുവെന്ന് ഡിസ്പ്ലേയിൽ എഴുതി കാണിക്കുകയായിരുന്നു. മറ്റൊരു വിവിപാറ്റ് മെഷീൻ എത്തിച്ചെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിട്ടില്ല.
07:44 AM (IST) Nov 20
ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു. കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി സരിൻ പറഞ്ഞു
07:18 AM (IST) Nov 20
പാലക്കാട്ടെ 88 ആം ബൂത്തിൽ സാങ്കേതിക പ്രശ്നം. വിവി പാറ്റിന്‍റെ ഡിസ്പ്ലേയിൽ ബാറ്ററി മാറ്റാൻ കാണിക്കുന്നു. വോട്ടെടുപ്പ് തുടങ്ങാനായില്ല. പി സരിനും സൗമ്യ സരിനും ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നം.
07:05 AM (IST) Nov 20
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. 184 ബൂത്തികളിലാണ് വോട്ടെടുപ്പ്. പലയിടത്തും രാവിലെ തന്നെ വലിയ ക്യൂ ആണ് രൂപപ്പെട്ടത്. രാവിലെ തന്നെ വോട്ട് ചെയ്ത് തിരക്ക് ഒഴിവാക്കുന്നതിനായാണ് പലരും നേരത്തെ എത്തിയത്.
07:04 AM (IST) Nov 20
പോളിങ് ബൂത്തിന്‍റെ 200 മീറ്റർ പരിധിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ബോർഡ് സ്ഥാപിച്ചതിൽ തര്‍ക്കം. പിരായിരിയിലെ പോളിങ് ബൂത്തിന് സമീപമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പൊലീസെത്തി ബോർഡ് മാറ്റി
07:02 AM (IST) Nov 20
3 പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥന
തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല പാലക്കാട് ചർച്ച ആയത്. അതിൽ പരിഭവമുണ്ട്.
05:58 AM (IST) Nov 20
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ മോക് പോളിങ് ആരംഭിച്ചു. മോക് പോളിങിനുശേഷം രാവിലെ ഏഴു മുതലായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. 184 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചിട്ടുണ്ട്.
05:55 AM (IST) Nov 20
ക്ഷേത്ര ദർശനത്തിനെത്തി എൻഡിഎ സ്ഥാനാർഥി സി.കൃഷ്കുമാർ. ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് ദർശനത്തിനെത്തിയത്. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വാഹനത്തിലെത്തി സ്ഥാനാർത്ഥി. കല്‍പ്പാത്തി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. വിജയ പ്രതീക്ഷയിൽ തന്നെയാണെന്നും ഭൂരിപക്ഷം മാത്രം അറിഞ്ഞാൽ മതിയെന്നും വിവാദങ്ങള്‍ ബിജെപിയെ ബാധിക്കില്ലെന്നും വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സി കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
05:35 AM (IST) Nov 20
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മോക് പോളിങ് രാവിലെ ആറിന് ആരംഭിക്കും.184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.
05:34 AM (IST) Nov 20
മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിൽ. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ക്രിപ്‌റ്റോ കറൻസിയിലൂടെ പണമൊഴുക്കാൻ എംവിഎ ശ്രമമെന്ന ബിജെപി ആരോപണം തള്ളി സുപ്രിയ സുലേ. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിൽ വിധിയെഴുത്ത്