Published : Nov 09, 2023, 07:43 AM ISTUpdated : Nov 15, 2023, 06:42 AM IST

Malayalam News Highlights : ഇഡി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ഭാസുരാംഗൻ ആശുപത്രിയിൽ

Summary

തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. 

Malayalam News Highlights : ഇഡി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ഭാസുരാംഗൻ ആശുപത്രിയിൽ

01:29 PM (IST) Nov 09

അസ്ഫാക് ആലത്തിന് വധശിക്ഷ വേണമെന്നാവർത്തിച്ച് പ്രോസിക്യൂഷൻ

ആലുവയിൽ 5 വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനു വധശിക്ഷ വേണം എന്ന് ആവർത്തിച്ചു പ്രോസിക്യൂഷൻ. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവ്വമാണ്. ബലാത്സംഗം ചെയ്തശേഷം മാലിന്യകൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തു. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു.

01:29 PM (IST) Nov 09

ടൂർ പോകാനിരുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളും വാഹനത്തിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഇതേതുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊച്ചി എളമക്കരയില്‍ ഇന്ന് രാവിലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നാലു ടൂറിസ്റ്റ് ബസുകളും പിടിച്ചെടുത്തത്. ബസുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമല്ലാത്ത ലൈറ്റുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.ബസുകളിലെ ലൊക്കേഷൻ നാവിഗേഷൻ സിസ്റ്റത്തിന് ഉൾപ്പെടെ തകരാറുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

01:28 PM (IST) Nov 09

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. 

01:28 PM (IST) Nov 09

കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി, ബന്ധുക്കളെത്തിയപ്പോഴേക്കും സംസ്കരിച്ചു

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചത് മറ്റൊരു മൃതദേഹം. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് ആശുപത്രിയിലാണ് അസാധാരണവും വിചിത്രവുമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയില്‍നിന്ന് മാറി നല്‍കിയത്. മാറി കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്.

01:27 PM (IST) Nov 09

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഒടുവില്‍ പാര്‍ട്ടിയും കൈവിട്ടു, ഭാസുരാംഗന്‍ സിപിഐയില്‍നിന്ന് പുറത്ത്

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെതിരെ ഒടുവില്‍ നടപടിയുമായി സിപിഐ നേതൃത്വം. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കികൊണ്ടാണ് നടപടി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

09:14 AM (IST) Nov 09

ഊട്ടിയിലേക്ക് ടൂർ പോകാനായി കുട്ടികൾ സ്കൂളിലെത്തി, ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

09:14 AM (IST) Nov 09

വെള്ളക്കരം കൂട്ടി ജനത്തെ പിഴിഞ്ഞിട്ടും കടത്തില്‍ മുങ്ങി വാട്ടര്‍ അതോറിറ്റി, ബാധ്യത 2865 കോടി

കുടിശികയുടെ കണക്കെടുത്താൽ മൂക്കോളം വെള്ളത്തിൽ എന്നും ആണ്ട് മുങ്ങി കിടക്കുന്ന വകുപ്പാണ് ജലവിഭവ വകുപ്പ്. ഇക്കഴിഞ്ഞ ബജറ്റിൽ വെള്ളക്കരം കൂട്ടുന്നതിന് തൊട്ടുമുൻപുള്ള കണക്ക് അനുസരിച്ച് 592 കോടി രൂപയോളമാണ് വരവും ചെലവും തമ്മിലുള്ള അന്തരം. വെള്ളക്കരം കൂട്ടിയിട്ടും കുടിശിക പിരിക്കാൻ കര്‍മ്മ പദ്ധതിയായിട്ടും വാട്ടര്‍ അതോറിറ്റി മെച്ചപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല സെപ്തംബര്‍ 30 വരെയുള്ള ബാലൻസ് ഷീറ്റൽ കൊടുത്തു തീര്‍ക്കാനുള്ള തുക മാത്രമുണ്ട് 2865 കോടി രൂപ. കാലങ്ങളായി പരിഷ്കരിച്ചില്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളക്കരം കൂട്ടിയത്.

09:13 AM (IST) Nov 09

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ്; ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ആകെ എത്രവോട്ട് പോൾ ചെയ്തു എന്നതിൽ വ്യക്തതയില്ലാതെ കേസിൽ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

09:13 AM (IST) Nov 09

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമല മേൽശാന്തി നിയമനത്തിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.30നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വിധി പറയുക. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

09:12 AM (IST) Nov 09

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി ഇടപ്പെട്ടതോടെ അനങ്ങി സിപിഐ, ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പരിശോധനയും ചോദ്യം ചെയ്യലും പുരോഗമിക്കുന്നതിനിടെ മുന്‍ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നടപടിയുമായി സിപിഐ. ഇഡി ഇടപ്പെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഒരുങ്ങുന്നത്. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും.

09:12 AM (IST) Nov 09

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

പേരിയ ചപ്പാരം ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ, ഓടിരക്ഷപ്പെട്ട രണ്ടുപേർ, ഇവർക്ക് പുറമെ വീട്ടിന് സമീപം സായുധനായ ഒരാൾ കൂടി കാവലുണ്ടായിരുന്നു എന്നാണ് പൊലീസ്  എഫ്ഐആർ. ഇയാൾ തണ്ടർബോൾട്ടിന് നേരെ പലതവണ വെടിവച്ചെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി.

09:11 AM (IST) Nov 09

ആലുവ കേസ്; പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും

ആലുവയിൽ അഞ്ച് വയസ്സുകാരിലെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തുടർച്ചയായി ബലാത്സംഗം ചെയ്യൽ അടക്കം 16 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.പ്രതിയുടെ മനസിക നില പരിശോധന റിപ്പോർ‍ട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

09:11 AM (IST) Nov 09

ഇടുക്കിയില്‍ ക്രൂര കൊലപാതകം; ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി  നെടുംകണ്ടം കൗന്തിയിലാണ് സംഭവം.  പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനുനേരെയും ആക്രമണം ഉണ്ടായി. ജോബിന്‍ ടിന്‍റുവിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.