Published : Jan 01, 2025, 06:08 AM IST

Malayalam News Highlights: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും

Summary

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈൻ കിഫ്ബി ആണ് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. 

Malayalam News Highlights: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും

01:38 PM (IST) Jan 01

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളൂരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. 

01:38 PM (IST) Jan 01

വാർഡ് മെമ്പറെ ഓട്ടോ ഡ്രൈവർ കുത്തിപ്പരിക്കേൽപിച്ചു

മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു.

01:38 PM (IST) Jan 01

കൊടിസുനിയുടെ പരോളിനെക്കുറിച്ച് എംവി ​ഗോവിന്ദൻ

: പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

01:37 PM (IST) Jan 01

സസ്യശാസ്ത്രജ്ഞന്‍ ഡോ. കെഎസ് മണിലാൽ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. 50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഇത്. സൈലന്റ് വാലിയിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ഡോ മണിലാല്‍ ദീർഘകാലം ഗവേഷണം നടത്തിയിരുന്നു. 

01:37 PM (IST) Jan 01

പെരിയ ഇരട്ടക്കൊല കേസ് ആരോപണം നിഷേധിച്ച് പ്രതിഭാഗം വക്കീല്‍ അഡ്വ സികെ ശ്രീധരന്‍

പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് പ്രതിഭാഗം വക്കീല്‍ അഡ്വ സികെ ശ്രീധരന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തെങ്കിലും രേഖകള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു.

01:36 PM (IST) Jan 01

വഴയിലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ്  ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. 

01:36 PM (IST) Jan 01

പത്തനംതിട്ടയിൽ കുടുംബാം​ഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചുതകർത്ത് യുവാവ്

 പത്തനംതിട്ട അടൂർ പള്ളിക്കലിൽ അച്ഛനെയും അമ്മയെയും അടക്കം 3 പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർ​ഗീസ് ഡാനിയേൽ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്. വർ​ഗീസ് ഡാനിയേലിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ടതിന് ശേഷം പുറത്തിറങ്ങി വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയായിരുന്നു. 

01:36 PM (IST) Jan 01

കരകുളം എഞ്ചിനീയറിം​ഗ് കോളേജ് ഉടമയുടെആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിം​ഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ​ഗാലറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി

01:35 PM (IST) Jan 01

'മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നു'; പികെ കുഞ്ഞാലിക്കുട്ടി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

01:34 PM (IST) Jan 01

കൃഷിസ്ഥലത്തെ പ്രതിസന്ധി പറഞ്ഞ് ചൂരൽമലയിലെ കർഷകൻ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരോട് വീണ്ടും ക്രൂരത. ഉരുൾപൊട്ടലിൽ കൃഷിസ്ഥലത്ത് വന്നടിഞ്ഞ മരങ്ങൾ സ്വന്തം നിലയിൽ മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടതായി ചൂരൽമലയിലെ കർഷകൻ അണ്ണയ്യൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അണ്ണയ്യന്റെ പ്രതികരണം. ഉരുള്‍പ്പൊട്ടലില്‍ വൻതോതില്‍ മരങ്ങള്‍ വന്നടിഞ്ഞ സ്ഥലമാണ് ചൂരല്‍മല വില്ലേജ് റോഡിലെ അണ്ണയ്യന്‍റെ രണ്ട് ഏക്ക‍ർ കൃഷി സ്ഥലം. 

01:33 PM (IST) Jan 01

മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ എത്തിയത്. 

01:33 PM (IST) Jan 01

സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശി

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലാണ് കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു.