പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതൽ നേതാക്കൾ.

12:34 PM (IST) Nov 24
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുൽ വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി.
12:32 PM (IST) Nov 24
നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
06:42 AM (IST) Nov 24
ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
06:40 AM (IST) Nov 24
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.
06:40 AM (IST) Nov 24
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്.
06:40 AM (IST) Nov 24
പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും