പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും.

01:25 PM (IST) Dec 28
കൊല്ലം മുണ്ടക്കലിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൽ തുമ്പ്രയിൽ വെച്ച് 15കാരൻ ഓടിച്ച സ്കൂട്ടർ സുശീലയെ ഇടിച്ചിട്ടത്. വയോധികയെ ഇടിച്ചിട്ട ശേഷം ഇവർ കടന്നുകളയുകയായിരുന്നു. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്കൂട്ടർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. തലയ്ക്ക് പരിക്കേറ്റ സുശീല അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
01:25 PM (IST) Dec 28
പെരിയ ഇരട്ടക്കൊല കേസിൽ നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.
01:23 PM (IST) Dec 28
പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍. അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കരഞ്ഞുകൊണ്ടായിരുന്നു എ സുരേന്ദ്രന്‍റെ പ്രതികരണം. കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും തൂക്കി കൊല്ലാൻ വിധിക്കണമെന്നും എ സുരേന്ദ്രൻ കോടതിയിൽ പറഞ്ഞു.
09:21 AM (IST) Dec 28
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന ആരോപണവുമായി തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ. തൃശ്ശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂർ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ സ്ഫോടകവസ്തു നിയമ പ്രകാരം വെടിക്കെട്ട് പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമാണ് വേണ്ടത്. എന്നാൽ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഈ ദൂരം 78 മീറ്റർ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.
09:18 AM (IST) Dec 28
ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ രാത്രി നടന്ന വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നില്ലെന്ന് പൊലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കം അപകടത്തിൽ കലാശിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്
09:17 AM (IST) Dec 28
അഭിമാനമായി ഉയർത്തിക്കാട്ടുന്ന സ്റ്റുഡ് പൊലീസ് പദ്ധതിയോട് മുഖം തിരിച്ച് സർക്കാർ. കുട്ടികള്‍ക്ക് യൂണിഫോമിനോ ഭക്ഷണത്തിനോ ഈ സാമ്പത്തിക വർഷം ധനവകുപ്പ് പണം നൽകിയില്ല. സ്കൂളിൽ ചുമതലയുള്ള അധ്യാപകരും പിടിഎയും ചേർന്ന് പണം പിരിച്ചാണ് കുട്ടിപ്പൊലീസുകാരെ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രിസ്മസ് അവധിക്കാല ക്യാമ്പിൽ കുട്ടികള്‍ പിരിവെടുത്താണ് ഭക്ഷണം എത്തിച്ചത്. പണമില്ലാത്തതിനെ തുടര്‍ന്ന് ക്യാമ്പുകള്‍ തടസപ്പെടുന്ന സ്ഥിതിയും ഉണ്ടായി. രണ്ടു ദിവസമായി മാത്രം വെട്ടിചുരുക്കിയാണ് ക്യാമ്പുകള്‍ നടന്നത്. അധ്യാപകരും പിടിഎയും പണം പിരിച്ചാണ് ക്യാമ്പുകള്‍ നടത്തിയത്.
06:01 AM (IST) Dec 28
ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം വേദം കേൾക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്ഐആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.
06:00 AM (IST) Dec 28
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി.