കൈലാസ യാത്രക്കിടെ ഹിമാലയത്തിൽ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരായി തിരിച്ചെത്തി

By Web TeamFirst Published Jun 28, 2019, 12:36 PM IST
Highlights

മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ ഇന്ത്യന്‍ എംബസിയാണ് പ്രത്യേകം ഹെലികോപ്റ്റര്‍ അയച്ച് ഇവരെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.

കൊച്ചി: കൈലാസ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തിൽ കുടുങ്ങിയ 14 മലയാളികൾ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ ഇന്ത്യന്‍ എംബസിയാണ് പ്രത്യേകം ഹെലികോപ്റ്റര്‍ അയച്ച് ഇവരെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.

കഴിഞ്ഞ ജൂൺ എട്ടിനാണ് 48 അംഗ സംഘം കൈലാസത്തിലേക്ക് തിരിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാണ് യാത്ര തിരിച്ചത്. എന്നാല്‍ തിരിച്ചു വരവേ ഇവരിൽ 14 പേർ ടിബറ്റൻ അതിർത്തിയായ ഹിൽസിയിൽ ശക്തമായ മഴയിലും കാറ്റിലും കുടങ്ങുകയായിരുന്നു. യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജൻസി ഹെലികോപ്റ്ററുകൾ അയക്കാൻ വൈകിയതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടി വന്നത്. 

പിന്നീട് നേപ്പാളിലെ ഇന്ത്യൻ എംബസി ഇടപ്പെട്ട് വ്യോമമാര്‍ഗ്ഗം ഇവരെ ഇന്ത്യ-നേപ്പാൾ അതിർത്തിയായ ഗഞ്ചിയിൽ എത്തിക്കുകയായിരുന്നു. രാവിലെ ലക്നോ വഴി വിമാനമാർഗമാണ് ഇവര്‍ കൊച്ചിയിൽ എത്തിയത്. സംഘത്തിലെ മറ്റുള്ളവര്‍ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. 

click me!