കേന്ദ്രവും സംസ്ഥാനവും ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു: ചെന്നിത്തല

By Web TeamFirst Published May 6, 2020, 1:12 PM IST
Highlights

കോൺ​ഗ്രസ് നൽകിയ പണം സർക്കാർ വാങ്ങാതിരുന്നത് വില കുറഞ്ഞ രാഷ്ട്രീയ കളിയാണ്. അവരുടെ കൈയിൽ പണമുണ്ടെങ്കിൽ അവരുടെ കൈയിൽ ഇരിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ ഈ മറുപടി ധാർഷ്ട്യത്തോടെയുള്ളതാണെന്ന് ചെന്നിത്തല. 

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശയ വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രവും കേരളവും യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ദുരന്തമുഖത്ത് രണ്ട് പേരും രാഷ്ട്രീയം കളിക്കുന്നുവെന്ന് ചെന്നിത്തല വിമർശിച്ചു. പ്രവാസികൾക്ക് എത്തുന്നതിന് തിരുവനന്തപുരത്തേക്ക് കൂടുതൽ വിമാനങ്ങൾ വേണമെന്നും ഇതര സംസ്ഥാനത്തുള്ള മലയാളികളുടെ മടക്കത്തിന് സർക്കാർ വാഹന സൗകര്യം ഒരുക്കണമെന്നും ചെന്നിത്തല ആശ്യപ്പെട്ടു.

കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ സ്ഥിതി ഗുരുതരമാണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ മടക്കി കൊണ്ട് വരാൻ ട്രെയിനോ ബസോ സംസ്ഥാന സർക്കാർ അയക്കണം. കേന്ദ്രമോ സംസ്ഥാനമോ മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികൾക്ക് സഹായം ചെയ്യാത്തതിനാലാണ് കെപിസിസി പണവുമായി എത്തിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കർണ്ണാടക മുഖ്യമന്ത്രി പി സി സി കൊടുത്ത പണം വാങ്ങാൻ തയ്യാറായി. ഇതാണ് സമീപനത്തിലെ വ്യത്യാസമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ, അവരുടെ കൈയിൽ പണമുണ്ടെങ്കിൽ അവരുടെ കൈയിൽ ഇരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ മറുപടി ധാർഷ്ട്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രിയുടേത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ചെന്നിത്തല വിമർശിച്ചു. കോൺ​ഗ്രസ് നൽകിയ പണം സർക്കാർ വാങ്ങാതിരുന്നത് വില കുറഞ്ഞ രാഷ്ട്രീയ കളിയാണ്. കേരളത്തിൽ ഒരു വ്യവസായവും നാല് വർഷമായി നടന്നിട്ടില്ലെന്നും ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രിയുടെത് എല്ലാം ദുബായ് മോഡൽ വാഗ്ദനമാണ്. കിഫ്ബിയെ പറ്റി പറയുന്നത് മുഖ്യമന്ത്രിക്ക് അരിശം പിടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!