
ഷിരൂര്‍:ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെകാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം.കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരും.ഇന്നുമുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു.ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.
ഗംഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റർ അകലെയാണ് സിഗ്നൽ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചിൽ നടത്തും.വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക.
കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നലത്തെ തെരച്ചിലിൻ്റെ അവസാനമാണ് സൈന്യം സ്ഥിരീകരിച്ചത്. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. തെരച്ചില്‍ ഏഴു ദിവസം പിന്നിട്ടിട്ടും അര്‍ജുനെ കാണാത്തതിൽ വലിയ നിരാശയിലാണ് കുടുംബം.
അര്‍ജുന്‍ രക്ഷാദൌത്യം; ഏഴ് പകലുകള്‍ കഴിഞ്ഞു പക്ഷേ, ഇന്നും കാണാമറയത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam