
കോട്ടയം: മലയാളി ഗവേഷണ വിദ്യാർഥിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. കോട്ടയം അയനം സ്വദേശിനി നമിത നായർക്കാണ് ശാസ്ത്ര ഗവേഷണത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്ന 1.3 കോടി രൂപയുടെ മേരി സ്ലൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ് ലഭിച്ചത്. ഊർജ സംഭരണത്തിനായി ജലത്തിൽനിന്ന് ഹൈഡ്രജൻ വിഘടിപ്പിക്കാൻ ഇലക്ട്രോ കാറ്റലിസ്റ്റായി ഉപയോഗിക്കുന്ന കാർബൺ നാനോ മെറ്റീരിയലുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. ഫെലോഷിപ്പിൽ പോളണ്ടിലെ വാർസ്ലോ യൂണിവേഴ്സിറ്റിയിലും ജർമനിയിലെ ഡാംസ്റ്റാർട്ട് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലുമായി മൂന്ന് വർഷം പഠിക്കാം.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് ഫിസിക്സിൽ ബിരുദാനന്ത രബിരുദം നേടിയ നമിത കോട്ടയം ചിന്മയ വിദ്യാലയത്തിലെ പൂർവവിദ്യാർഥിനിയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ ഫെലോഷിപ്പും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡാഡ്-വൈസ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്. മസ്കറ്റിൽ ജോലി ചെയ്യുന്ന ഇലഞ്ഞിക്കൽ അനിലും അധ്യാപിക മായയുമാണ് മാതാപിതാക്കൾ. സഹോദരി- നന്ദന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam