'തിങ്കളാഴ്ച വരും എന്ന് പറഞ്ഞാണ് പോയത്'; നേപ്പാളില്‍ മരിച്ച കുരുന്നുകളുടെ ഓർമ്മയില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം

By Web TeamFirst Published Jan 23, 2020, 1:54 PM IST
Highlights

വേർപിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സ്കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. മൃതദേഹം സ്വദേശത്ത് എത്തിക്കുമ്പോൾ സ്ക്കൂൾ അധികൃതർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിക്കും.

കൊച്ചി: നേപ്പാളിൽ മരിച്ച മൂന്ന് കുരുന്നുകളുടെ ഓർമ്മകളിൽ വിദ്യാലയം വിങ്ങിപ്പൊട്ടി. പ്രവീണിന്‍റെയും ശരണ്യയുടെയും മൂന്ന് മക്കളും പഠിച്ചിരുന്നത് കൊച്ചി എളമക്കരയിലെ സരസ്വതി വിദ്യാനികേതൻ സ്കൂളിലായിരുന്നു. വേർപിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സ്കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു.

രാവിലെ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ അനുശോചന സന്ദേശം വായിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്‍റെയും ചിത്രത്തിന് മുന്നിൽ പുഷ്ഞ്ജലി നടത്തി. ഇന്നലെ വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കുരുന്നുകൾ ഇല്ലാതായതിന്‍റെ വിഷമത്തിൽ പലരും വിതുമ്പി.
 
മൂന്നാം ക്ലാസ് എ ഡിവിഷനിലായിരുന്നു ശ്രീഭദ്ര. കൂട്ടുകാരിൽ പലരും വിതുമ്പിക്കൊണ്ടാണിപ്പോഴും ക്ലാസിൽ ഇരിക്കുന്നത്. ഒന്നിൽ പഠിക്കുന്ന ആർച്ചയുടെയും എൽകെജിയിൽ പഠിക്കുന്ന അഭിനവിന്‍റെയും ക്ലാസിലുള്ളവർക്ക് പ്രിയകൂട്ടുകാരെ നഷ്ടപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുമ്പോൾ സ്കൂൾ അധികൃതർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിക്കും.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും  കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് കഴിഞ്ഞ ദിവസം നേപ്പാളില്‍ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം

Also Read: നേപ്പാൾ ദുരന്തം: ഇരയായവർക്ക് വിട നൽകാൻ ജന്മനാട്; മൃതദേഹങ്ങള്‍ ദില്ലിയിലേക്ക്

click me!