ഹിമാചല്‍ പ്രദേശില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Sep 16, 2019, 10:00 PM IST
Highlights

ആഗസ്റ്റ് 25-നാണ് രഞ്ജിത്ത് വിവാഹിതനായത്. ഹണിമൂണ്‍ യാത്രയ്ക്കായി ഭാര്യയ്ക്കൊപ്പം കുളുവില്‍ എത്തിയതായിരുന്നു.  രഞ്ജിത്തും ഭാര്യയും സഞ്ചരിച്ച റാഫ്റ്റ് മറിഞ്ഞു വീണാണ് അപകടം. 

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്താണ് മരിച്ചത്. 35 വയസ്സായിരുന്നു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാര്യവട്ടം പഞ്ചവിള സ്വദേശിയായ രഞ്ജിത്ത് കഴിഞ്ഞ ആഗസ്റ്റ് 25-നാണ് വിവാഹിതനായത്. ഹണിമൂണ്‍ യാത്രയ്ക്കായി ഭാര്യയ്ക്കും മറ്റു കുടുംബസുഹൃത്തുകള്‍ക്കുമൊപ്പം ഹിമാചലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ രഞ്ജിത്തും ഭാര്യയും സഞ്ചരിച്ച റാഫ്റ്റ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും നദിയിലെ പാറക്കെട്ടില്‍ രഞ്ജിത്തിന്‍റെ തലയിടിക്കുകയുമായിരുന്നു. 

വിവരം അറിഞ്ഞയുടനെ കുളു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെന്നും നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. നാളെ ചണ്ഡീഗഢിൽ നിന്നോ ഡൽഹിയിൽ നിന്നോ വിമാനമാർഗ്ഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!