
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഹാക്കിംഗ് ഉറപ്പിക്കാൻ കഴിയില്ലെന്ന് മെറ്റ. വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് മെറ്റ, സിറ്റി പൊലീസ് കമ്മീഷണർക്ക് മറുപടി നൽകി. കൂടുതൽ വിവരങ്ങൾക്ക് പൊലീസ് ഗൂഗിളിനും കത്ത് നൽകി. ഗോപാല കൃഷ്ണൻ ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണ്. ഫോണിൽ നിന്നും വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞിരുന്നില്ല. നാളെ ഫോൺ ഫൊറൻസിക് പരിശോധനക്ക് നൽകും.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. എന്നാൽ ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഗോപാലകൃഷ്ണൻ. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആദ്യം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്.
മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ആരോ ഉണ്ടാക്കിയെന്നാണ് പുതിയ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നതെന്ന് സ്കീൻ ഷോട്ട് വ്യക്തമാക്കുന്നു. തന്‍റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്താണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍റെ വിശദീകരണം. പക്ഷേ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർമാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്.
അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി. രണ്ട് ഗ്രൂപ്പിലുമുള്ള ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് അറിയില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരേ ചേർത്തുള്ള ഗ്രൂപ്പിനെ ചൊല്ലിയുള്ള ചർച്ച.
തെരുവ് നായ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ നായ കടിച്ചത് 12 പേരെ, സംഭവം കോഴിക്കോട് വടകരയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam