മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി നല്‍കുമെന്ന് എം സ്വരാജ്

By Web TeamFirst Published Oct 2, 2021, 12:27 AM IST
Highlights

2016ലെ തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രമാണ് ചിലര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
 

കൊച്ചി: മമ്മൂട്ടിക്കൊപ്പം (Mammootty) നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ (Monson Mavunkal) കൂടെ നില്‍ക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ എംഎല്‍എ എം സ്വരാജ് (M swaraj). 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രമാണ് ചിലര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയും (sivan kutty) നടന്‍ ബൈജുവും (baiju) നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. 

ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുകയെന്നും തട്ടിപ്പുകാരന്റെ വീട്ടില്‍ സ്ഥിരം കയറിയിറങ്ങി കണ്ണും തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


തരംതാഴ്ന്ന പ്രചാരവേലകള്‍ തിരിച്ചറിയുക..

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരില്‍ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നത്. ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ? 

ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവന്‍കുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു. തട്ടിപ്പുകാരന്റെ വീട്ടില്‍  സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക. പക്ഷേ ഇത്തരം മോര്‍ഫിങ്ങ് കലാപരിപാടികളും ,  ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.
-എം.സ്വരാജ്
 

click me!