
പത്തനംതിട്ട: ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം നല്‍കി പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയില്‍, ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ് പിടിയിലായത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പുനര്‍ വിവാഹത്തിനുളള വൈവാഹിക പംക്തി വഴിയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദമായി. പി എസ് സിയുടെ ബിഫാം റാങ്ക് പട്ടികയിലുളള യുവതിക്ക് വേഗത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 24 തവണകളായി 1,68,800 രൂപ വാങ്ങി. കഴിഞ്ഞ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേനയായിരുന്നു പണം കൈമാറ്റം.
എന്നാല്‍ പറഞ്ഞ സമയത്ത് ജോലി കിട്ടിയില്ല. മാത്രമല്ല, നിരന്തരം ആശയ വിനിമയം നടത്തിയിരുന്ന ഫോണ്‍ പെട്ടെന്ന് ഒരു നാള്‍ സ്വിച്ച് ഓഫ് ആക്കി. ഇതിനെ തുടർന്നാണ് യുവതി തട്ടിപ്പ് സംശയിച്ചത്. എന്നാല്‍ പരാതി നല്‍കിയില്ല. ഇതിനിടെ, എറണാകുളത്ത് നടത്തിയ ജോലി തട്ടിപ്പില്‍ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഹില്‍പാലസ് പൊലീസ് പിടിയിലായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി വിഷ്ണുവിനെതിരെ ഇലവുംതിട്ട പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരിക്ക് 3,500 രൂപയേ നഷ്ടമായിരുന്നുളളു. 2020ല്‍ ചേലക്കര സ്വദേശിയെ 75,000 രൂപ വാങ്ങി ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്.. വിവാഹ വാഗ്ദാനം നല്‍കി അര്‍ത്തുങ്കല്‍ സ്വദേശിനിയില്‍ നിന്നും ഇയാള്‍ 5.8 ലക്ഷം തട്ടിയെന്നും പരാതിയുണ്ട്. കബളിപ്പിച്ചു കൈക്കലാക്കുന്ന പണം ആഡംബര ജീവിതത്തിനും വിനോദ യാത്രകള്‍ക്കുമാണ് ചെലവിട്ടിരുന്നത്. മുന്‍പ് പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഇലവുംതിട്ട സ്വദേശിനിക്ക് ജോലി ലഭിച്ചിരുന്നില്ല. അതാണ് രണ്ടാം തവണ പട്ടികയില്‍ വന്നതോടെ പണം നല്‍കി ജോലി ഉറപ്പിക്കാന്‍ ഇവര്‍ തയ്യാറായത്. എറണാകുളം പളളിമുക്കില്‍ ടോണര്‍ റീ ഫില്ലിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിഷ്ണു. കലക്ട്രേറ്റിലെ യു.ഡി ക്ലാര്‍ക്കെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam