കാസർകോട് നാട്ടുകാരുടെ മർദ്ദനമേറ്റ മധ്യവയസ്കൻ മരിച്ചു, ശല്യം ചെയ്തെന്ന് യുവതിയുടെ പരാതി

By Web TeamFirst Published Jan 23, 2021, 6:30 PM IST
Highlights

റഫീക്കിന്‍റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റഫീക്ക് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാസർകോട് വനിതാ സെല്ലും കേസെടുത്തു

കാസർകോട്: നാട്ടുകാരുടെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു. ദേളി സ്വദേശി 48കാരനായ റഫീക്കാണ് മരിച്ചത്. സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് പ്രാഥമിക വിവരം. റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീക്ക് ശല്യം ചെയ്തെന്ന് യുവതിയും പരാതി നൽകിയിട്ടുണ്ട്.

കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്റെയും ആളുകൾ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സമീപത്തെ കടകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് ശേഖരിച്ചത്.

മർദ്ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45ഓടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന‍്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. മരണകാരണം മർദ്ദനമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്താമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

റഫീക്കിന്‍റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റഫീക്ക് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാസർകോട് വനിതാ സെല്ലും കേസെടുത്തു. ആശുപത്രി പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്.  ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

click me!