
കൊച്ചി: ഇടുക്കി ചെങ്കളത്തുള്ള മേഴ്‌സി ഹോമിലേക്ക് രണ്ട് മാസം മുൻപ് ബിനു വന്നപ്പോൾ, കണ്ണും മനസും നിറഞ്ഞവരായിരുന്നു അവിടെയുണ്ടായിരുന്നവർ എല്ലാം. 22 വർഷമായി അവിടുത്തെ അന്തേവാസിയായ അനിതയെന്ന 58കാരി തൻ്റെ ജീവിത സായന്തനം സ്വന്തം കുടുംബത്തിനൊപ്പം സ്നേഹമറിഞ്ഞ് ജീവിക്കുമെന്ന് അവരെല്ലാം കരുതി. ആലുവ ചെങ്ങമനാട് പുറയാറിലെ വീട്ടിലേക്ക് മകൻ ബിനുവിൻ്റെ കൈയ്യും പിടിച്ച് അനിത നടന്നുകയറി. മൂന്ന് മാസത്തിന് ശേഷം നവംബറിൽ ഇതേ വീട്ടിൽ വച്ച് മരിക്കുകയും ചെയ്തു. ചോദിച്ചവരോടെല്ലാം അമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ബിനു പറഞ്ഞു. അവസാന കാലത്ത് സ്വന്തം വീട്ടിൽ താമസിച്ച് അമ്മ സമാധാനമായി മരിച്ചെന്നും അയാൾ പറഞ്ഞു. എന്നാൽ അതൊന്നും സത്യമായിരുന്നില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു.
അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷമാണ് നാട്ടുകാർ പോലും ആ സത്യം മനസിലാക്കിയത്. അമ്മയെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലക്ക് കല്ലിന് സമീപത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമുള്ള ബിനുവിൻ്റെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് കാരണമായത്. നവംബർ 30 നായിരുന്നു അനിതയുടെ മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. എന്നാൽ
അനിതയുടെ തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾക്ക് പുറമെ ആന്തരീകാവയവങ്ങൾക്കും സാരമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അമ്മ സ്വയം പരിക്കേൽപ്പിക്കാറുണ്ടെന്നും താൻ മർദിച്ചിട്ടില്ലെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ബിനുവിന് പിടിച്ചുനിൽക്കാനായില്ല. വെളളത്തൂവലിലുളള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കണമെന്ന ഉദ്ദേശത്തോടെയാണ് അനിതയെ ബിനു മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. മൂന്ന് മാസത്തോളമായി ക്രൂര മർദനമാണ് അവർ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ. എസ്.എസ്. ശ്രീലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.