
കോഴിക്കോട്: താമരശ്ശേരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ആളെ ആള്‍ക്കൂട്ടം മർദിച്ചെന്ന് പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മർദ്ദിച്ചെന്നാണ് പരാതി.
സ്ത്രീയോട് മോശമായി പെരുമാറി എന്ന കേസില്‍ കുഞ്ഞുമൊയ്തീൻ റിമാന്‍ഡിലായിരുന്നു. ഈ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമൊയ്തീനെ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.
ജയിലിൽ നിന്നിറങ്ങി ബന്ധുവീട്ടിലേക്കാണ് കുഞ്ഞുമൊയ്തീൻ പോയത്. പട്ടാപ്പകൽ ഇവിടെ നിന്നും വലിച്ചിറക്കി ജീപ്പിൽ വച്ചും പോസ്റ്റിൽ കെട്ടിയിട്ടുമാണ് തന്നെ മർദിച്ചതെന്ന് കുഞ്ഞുമൊയ്തീൻ പറയുന്നു. ഒരു പഞ്ചായത്ത് മെമ്പറാണ് തന്നെ അഴിച്ചുവിട്ടതെന്നും കുഞ്ഞുമൊയ്തീൻ പറഞ്ഞു. ആൾക്കൂട്ട മർദനത്തിന് പിന്നാലെ കുഞ്ഞുമൊയ്തീൻ ആശുപത്രിയിൽ ചികിത്സ തേടി.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുറഹ്മാനാണ് ഒന്നാം പ്രതി. അബ്ദുറഹ്മാന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവില്‍ പോയെന്നാണ് സൂചന.