മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ; വീട്ടിലെത്തിയിരുന്നത് അവധിദിനങ്ങളിൽ

Published : Jul 26, 2024, 04:34 PM IST
മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ; വീട്ടിലെത്തിയിരുന്നത് അവധിദിനങ്ങളിൽ

Synopsis

എല്ലാവരുമായും അടുപ്പം പുലർത്തുന്ന പ്രകൃതമായിരുന്നില്ല ധന്യയുടേതെന്നും തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാരുടെ വിശദീകരണം.   

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹന്റെ കൊല്ലം നെല്ലിമുക്കിലെ വീട് അടച്ചിട്ട നിലയിൽ. രണ്ട് ദിവസം മുമ്പ് വരെ ഈ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അവധി ദിവസങ്ങളിലാണ് ധന്യ വീട്ടിൽ എത്തിയിരുന്നത്. എല്ലാവരുമായും അടുപ്പം പുലർത്തുന്ന പ്രകൃതമായിരുന്നില്ല ധന്യയുടേതെന്നും തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാരുടെ വിശദീകരണം. 

മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍.  റമ്മികളിക്കുന്നതിനും  ആഡംബര ജീവിതം നയിക്കുന്നതിനുമാണ് പണമുപയോഗിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ധന്യ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിട്ടുണ്ട്. 

ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്‍റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്‍റെ കൈയ്യിലായിരുന്നു. ധന്യയുടെയും  മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്. 

കൈയ്യിലെത്തിയ പണം ഉപയോഗിച്ചത് ആഡംബരത്തിനും ധൂര്‍ത്തിനുമാണ്. വലപ്പാട് സ്ഥലം വാങ്ങി വീടുവച്ചു.  കാര്‍ പാര്‍ക്കുചെയ്യാനും മറ്റും അഞ്ചു സെന്‍റ് സ്ഥലം കൂടി ഈ അടുത്ത്  വാങ്ങി.  ആഡംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവർക്കുള്ളത്. ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് കള്ളികളോരോന്നായി പുറത്തായത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ  വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയുടെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ പരാതി പൊലീസിന് നല്‍കിയതിന് പിന്നാലെ ധന്യ വീടു പൂട്ടി കടന്നു കളയുകയായിരുന്നു. വലപ്പാട് പൊലീസ് പൂട്ടുതകര്‍ത്ത് പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ അറിവോടെ നടത്തിയ ആസൂത്രിത തട്ടിപ്പെന്ന നിഗമനത്തിലാണ്  അന്വേഷണ സംഘം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി