
പത്തനംതിട്ട: മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും. വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളാണ് കടന്നു പോയത്. രാവിലെ 10.10ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾക്ക് തുടക്കമായത്.
മണ്ഡല കാലത്തെ അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്ത്. കളഭ അഭിഷേകത്തിന് മുമ്പ് തിരുമുറ്റവും 18 പടികളും കഴുകി വൃത്തിയാക്കി. പിന്നെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ. 11മണിയോടെ പൂജ ചടങ്ങുകൾ പൂർത്തിയായി. ക്ഷമയോടെ കാത്തുനിന്ന തീർത്ഥാടകർക്ക് ദർശന പുണ്യം ലഭിച്ചു. തങ്ക അങ്കി പ്രഭയിൽ അയ്യപ്പനെ കണ്ടതോടെ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമായി.
വൈകിട്ട് ദീപാരാധന വരെ തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ കാണാം. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. പിന്നെ ജനുവരി 14ന് മകരവിളക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam