Latest Videos

പൂര പ്രേമികളുടെ പ്രിയപ്പെട്ട മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

By Web TeamFirst Published Jan 28, 2021, 8:24 AM IST
Highlights

വിവിധ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്ന കര്‍ണന്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ചരിഞ്ഞത്. 1989ല്‍ ബിഹാറില്‍ നിന്നാണ് കര്‍ണനെ കേരളത്തിലെത്തിച്ചത്. 

പാലക്കാട്: നാട്ടാനകളില്‍ പ്രശസ്തനായിരുന്ന മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത്തിയഞ്ച്  വയസ്സായിരുന്നു. വിവിധ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്ന കര്‍ണന്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ചരിഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് ബിഹാറില്‍ നിന്നെത്തി കേരളത്തിലെ ആനപ്രേമികളുടെ മനം കവര്‍ന്ന കൊമ്പനായിരുന്നു മംഗലാംകുന്ന് കര്‍ണന്‍. പ്രായാധിക്യത്തിന്‍റേതായ പ്രശ്നങ്ങള്‍ കുറേക്കാലമായി ഉണ്ടായിരുന്നു. 

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വാളയാറില്‍ സംസ്കാരിക്കും.  തലപ്പൊക്കം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത കൊമ്പനായിരുന്നു കര്‍ണന്‍. എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കും വരെ തലയെടുപ്പോടെ നില്‍ക്കാനുള്ള പ്രത്യേകതയാണ് കര്‍ണന് ഏറെ ആരാധകരെ സമ്മാനിച്ചത്. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു. 

ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്.  ആനപ്രേമിയായ മനിശ്ശേരി ഹരിദാസായിരുന്നു നേരത്തെയുള്ള ഉടമ. അന്ന് പേര് മനിശ്ശേരി കർണനെന്ന്. മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ കയ്യിലെത്തിയതോടെയാണ് മംഗലാംകുന്ന് കര്‍ണനാവുന്നത്. 2019 മാര്‍ച്ചിലാണ് കര്‍ണര്‍ അവസാനമായി തിടമ്പേറ്റിയത്. 
 

click me!