തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍റെ ജയില്‍ മോചനം സംബന്ധിച്ച് സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. മണിച്ചൻ ഉൾപ്പടെ 33 തടവുകാരെ മോചിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.
മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരുടെ മോചനം ശുപാർശ ചെയ്ത ഫയൽ തിരിച്ചയച്ചത് ഗൗരവമേറിയ വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഫയലിൽ ചില സംശയങ്ങൾ ഉള്ളത് കൊണ്ടാണ് തിരിച്ചയച്ചത്. അതിൽ വ്യക്തത വന്നാൽ ഉടൻ തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു.
മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സർക്കാർ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
പല കാരണങ്ങളായാൽ ജയിൽ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശയിൽ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവർണർ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്‍റെ മോചന കാര്യത്തിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.
ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡിജിപി എന്നിവടങ്ങിയ സമിതി നിർദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതിൽ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവർണർ ഉന്നയിക്കുന്ന സംശയം. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തിന്‍റെ ഭാഗമായി തടവുകാരെ വിട്ടയ്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് സർക്കാർ സമിതിയെ തീരുമാനിച്ചത്. 20 വർഷത്തിലേറെയായി ജയിലിൽ മോചനമില്ലാതെ കിടക്കുന്നവർ, പ്രായമായവർ, രോഗികള്‍ എന്നിവർക്ക് പരിഗണ നൽകിയാണ് ഉദ്യോഗസ്ഥ തല സമിതി പട്ടിക തയ്യാറാക്കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയവർ ഉള്‍പ്പടെ പട്ടികയിൽ ഇടം നേടി. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്. എന്നാൽ സുപ്രീംകോടതി നിർദ്ദേശങ്ങൾ പ്രകാരം ഓരോ കേസും പരിശോധിച്ച് ഒഴിവാക്കപ്പെട്ടപ്പോഴാണ് പട്ടിക 33 ആയി ചുരുങ്ങിയത്.
മണിച്ചന്‍റെ വിടുതൽ ശുപാർശ ഗവർണർ അംഗീകരിച്ചാലും കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂവെന്നാണ് നിയമവിഗദ്ദർ ചൂണ്ടികാട്ടുന്നത്. ജീവപര്യന്തം കഠിന തടവും പിഴയുമാണ് കൊല്ലം സെഷൻസ് കോടതി മണിച്ചന് വിധിച്ചത്.
Read Also; 'ഷാജ് കിരണെത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി', സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam