'മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുന്നു'; ശബരിമലയിലേക്ക് ഇത്തവണയും എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ

By Web TeamFirst Published Nov 6, 2019, 9:04 AM IST
Highlights

കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗം സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

ചെന്നൈ:  ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗം സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 പ്രതിഷേധം ആളികത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം പമ്പയില്‍ നിന്ന് മനിതി സംഘം തമിഴ്നാട്ടിലേക്ക് മടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നത്."സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍  ശ്രമിച്ചിട്ട് പോലും നടന്നില്ല"-മനിതി സംഘം കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. 

കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്  ഇതുവരെ  മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച് ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചു. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന്  സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു , മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി പറഞ്ഞു.

കഴിഞ്ഞ തവണ മധുരയില്‍ നിന്ന് കേരള പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇത്തവണയും കേരള പൊലീസ് നിര്‍ദേശിക്കുന്ന യാത്രാ മാര്‍ഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം  ഉണ്ടാകില്ലെന്നാണ് മനിതി കൂട്ടായ്മയുടെ കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ബിജെപിക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല. സ്ത്രീകളെ രണ്ടാം നിരക്കാരായി കാണുന്നത് ജനങ്ങള്‍ പിന്തുണച്ചില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ ഇത്തവണ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും സെല്‍വി  പറഞ്ഞു. 
 

click me!