
മലപ്പുറം: മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് പോലും മരുന്നുകള്‍ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ചെവി വേദനയ്ക്ക് നാലര വയസ്സുള്ള രാമപുരം-മേലെകാളാവില കരുവള്ളി പാത്തിക്കല്‍ ഫാത്തിമ സഹ്‌റ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടര്‍ നല്‍കിയ കുറിപ്പുമായി മരുന്ന് വാങ്ങാന്‍ എത്തിയ രക്ഷിതാക്കള്‍ ഏകദേശം ഒന്നേകാല്‍ മണിക്കൂര്‍ ഫാര്‍മസിയുടെ മുന്നില്‍ കാത്തുനിന്നിട്ടും, കുറിപ്പിലുള്ള ഒരു മരുന്നുപോലും ലഭിച്ചി ല്ലെന്നാണ് പരാതി.
പി.എം.ഒ.എല്‍ സിറപ്പ്, പാരസെറ്റമോള്‍ സിറപ്പ്, അസ്ഥാലിന്‍ സിറ്പ്പ്, സിപ്ലോക്സ് ഇയര്‍ ഡ്രോപ്പ്‌സ് എന്നിവയാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്ന മരുന്നുകള്‍. എന്നാല്‍ പനി, ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്കുപോലും ആവശ്യമായ മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നതാണ് രക്ഷിതാക്കളുടെ ആരോപണം. വിഷയത്തില്‍ അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവര്‍ അറിയിച്ചു.
അതേസമയം, കെ.എം.സിയില്‍ നിന്ന് മാത്രമേ മരുന്നു വാങ്ങാന്‍ അനുവാദമുള്ളൂ എന്നും ഓര്‍ഡര്‍ നല്‍കിയിട്ടും മരുന്ന് മുറക്ക് ലഭിക്കാത്ത പ്രശ്നമുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഒപിയിലെത്തുന്ന രോഗികളുടെ ബാഹുല്യം മരുന്നുകള്‍ പെട്ടെന്ന് തീര്‍ന്നുപോകുന്നതിന് കാരണമാകുന്നതായും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. സിറപ്പുകള്‍ സ്റ്റോക്ക് തീര്‍ന്നതാണെന്നും ഉടനെത്തന്നെ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. ജസീനബി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam