
തിരുവനന്തപുരം: മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയി ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടത്. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് ചേർത്ത് വെച്ച് കെട്ടി. പിന്നീടാണ് മനോരമയുടെ മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
ആദം അലിയെ കോടതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.
ചെന്നൈ റെയിൽവെ പൊലീസാണ് കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. കേരളാ പൊലീസ് ചെന്നൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എങ്കിലും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇതൊക്കെയാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് ഇനി കണ്ടെത്തണം. മോഷണമായിരുന്നില്ല ഉദ്യേശമെങ്കിൽ അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്ന വീട്ടമ്മയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിച്ചതെന്താണെന്ന് വ്യക്തമാകണം. ഇതിന് വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam