
കണ്ണൂര്‍: കണ്ണൂരിൽ പാര്‍ട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ക്വട്ടേഷൻ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയിൽ ആരും സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ബന്ധം ഉള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ല എന്ന് വ്യക്തമാക്കിയതാണ്. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതാണെന്നും എം ഷാജറിനെതിരെ മനു തോമസ് നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. പാർട്ടി യോഗങ്ങളിൽ മനു തോമസ് ഒന്നര വർഷമായി പങ്കെടുക്കാറില്ല. പാര്‍ട്ടി അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂര്‍വ്വം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കിൽ ഒരാൾ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെതിരെ നടപടിയെടുത്തത്. ക്വട്ടേഷൻ,ക്രിമിനൽ സംഘങ്ങളുമായി പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്നും അതിപ്പോഴും തുടരുന്നുവെന്നുമാണ് പാര്‍ട്ടി നടപടിക്ക് പിന്നാലെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്‍റ് മനു തോമസ് വ്യക്തമാക്കിയത്. പാർട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരാതിപ്പെട്ടപ്പോൾ ,തിരുത്താൻ തയ്യാറാവാത്തതാണ് രാഷ്ട്രീയം വിടാൻ കാരണമെന്നും മനു തോമസ് പറഞ്ഞു.
ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും എല്ലാം തുടരുന്നുവെന്ന് മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷൻ, സൈബർ സംഘങ്ങളെക്കുറിച്ചുളള മുന്നറിയിപ്പ് പാർട്ടി മനസ്സിലാക്കാൻ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ശൈലീ മാറ്റവും തിരുത്തലും സിപിഎമ്മിൽ ചർച്ചയാകുമ്പോഴാണ്, തിരുത്തിയിട്ടും തുടരുന്ന ബന്ധങ്ങൾ കണ്ണൂരിലെ യുവ നേതാവ് ആരോപിക്കുന്നത്.