
കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള മുണ്ടക്കയത്തുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി യുവാവ് തട്ടിയെടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ ദേവയാനിയമ്മയെയാണ് യുവാവ് തട്ടിപ്പിന് ഇരയാക്കിയത്. ഇതോടെ വയോധികയുടെ ജീവിത മാര്‍ഗം തന്നെ ഇതോടെ നിലച്ചു. ദേവയാനി അമ്മയുടെ സങ്കടം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്. സുമനസുകളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ലോട്ടറിക്കച്ചവടം തുടങ്ങിയിരിക്കുകയാണ് ഈ അമ്മ.
നിരവധി പേരാണ് ദേവയാനി അമ്മയെ സഹായിക്കാനെത്തിയത്. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. സങ്കടമെല്ലാം മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും. 2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ. പറ്റ് പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതില്‍ വളരെ സന്തോഷമുണ്ട്. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ കൊണ്ടവരും'- ദേവകിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് യുവാവ് ഇല്ലാതാക്കിയത്. ഈ സങ്കടം വാര്‍ത്തയാക്കിയതിന് പിന്നാലെ നിരവധി സുമനസുകള്‍ കൈത്താങ്ങായതുകൊണ്ട് ഇപ്പോള്‍ ദേവയാനി അമ്മ ജീവിതം തിരിച്ച് കിട്ടിയിരിക്കുകയാണ്.
Read More : 'രണ്ടെണ്ണം അടിച്ചിട്ട് പിന്നെവിടെ കാശ്, വീട്ടു ചിലവില്ലേ പിണറായി സാറേ'; മദ്യവില കൂട്ടരുത്, മലപ്പുറത്ത് ധർണ്ണ