തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ, ആന തിരുനെല്ലി സര്‍വാണിയിലും എത്തിയെന്ന് സംശയം

Published : Feb 04, 2024, 02:19 AM IST
തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ, ആന തിരുനെല്ലി സര്‍വാണിയിലും എത്തിയെന്ന് സംശയം

Synopsis

മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. 


കൽപ്പറ്റ: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ് നിഗമനം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനം വകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു.

എന്നാൽ 4 മുതൽ 5 മണിക്കൂറിനിടെയാണ് ആനയുടെ ലൊക്കേഷൻ സിഗ്നൽ കിട്ടിയിരുന്നത്. ഇതിനിടയിൽ തണ്ണീർ കൊമ്പൻ ഒരുപാട് ദൂരം യാത്ര ചെയ്തത്, ആനയെ ട്രാക്കു ചെയ്യുന്നതിന് തടസ്സമായി എന്നാണ് വിലയിരുത്തൽ. തണ്ണീർ കൊമ്പൻ തിരുനെല്ലി സർവാണിയിൽ എത്തിയിരുന്നെന്നും സൂചനയുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീർക്കൊമ്പൻ ദൌത്യം വിശകലനം ചെയ്യാൻ  അഞ്ചംഗം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം

മാനന്തവാടി ന​ഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചെരിയുകയായിരുന്നു.  ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്നാണ് കർണാടക വനംവകുപ്പ് അറിയിച്ചത്. ആനയുടെ ഇടത് തുടയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.

വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്നലെ രാവിലെയാണ് ചരി‍ഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്‍കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചു. രത്രി 10 മണിയോടെയാണ് തണ്ണീർക്കൊമ്പനെ അനിമൽ ആംബുലസിലേക്ക് കയറ്റി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.

ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ്  മറ്റിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും ആനയ്ക്ക് സമ്മർദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ, ആന കുഴഞ്ഞ് വീഴുകയായിരുന്നു. രാമാപുരത്ത് കേരള - കർണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഒരാഴ്ച്ചയ്ക്കകം പുറത്തുവരും. 

'തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കമുണ്ടാക്കി, 5 അംഗ ഉന്നത സമിതി അന്വേഷിക്കും' എകെ ശശീന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും