മാവോയിസ്റ്റുകൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിൽ, പിന്നിൽ പൊലീസ് മേധാവി: വി കെ ശ്രീകണ്ഠൻ എംപി

By Web TeamFirst Published Oct 31, 2019, 3:28 PM IST
Highlights

ആദിവാസികൾ വെടിയൊച്ച പോലും കേട്ടിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യമില്ലാത്ത സ്ഥലമാണ് അട്ടപ്പാടി. ഇത് വ്യാജ ഏറ്റുമുട്ടലാണ്. വാളയാർ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് - എന്ന് വി കെ ശ്രീകണ്ഠൻ. 

പാലക്കാട്: വാളയാർ കേസിൽ പൊലീസിനെതിരെ ഉയർന്ന ജനരോഷം മറയ്ക്കാൻ സർക്കാർ സൃഷ്ടിച്ചതാണ് പാലക്കാട്ടെ മാവോയിസ്റ്റ് വെടിവെപ്പെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ. അട്ടപ്പാടിയിൽ മാവോയിസ്റ്റ് സാന്നിധ്യമില്ലാത്തതാണ്. വെടിവെപ്പിൽ ദുരൂഹതയുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിന് പിന്നിൽ കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്നും ശ്രീകണ്ഠൻ ആരോപിച്ചു.

മാവോയിസ്റ്റുകളെ അടുത്ത് വച്ച് വെടിവച്ച് കൊന്നുവെന്നാണ് തോന്നുന്നത്. ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടൽ നടത്തിയവരെ രക്ഷപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന ആളാണ് കേരളത്തിലെ ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്‍റ. അട്ടപ്പാടിയിൽ മാധ്യമവിലക്കാണെന്നും എംപി ആരോപിച്ചു.

ഛത്തീസ്ഗഢിലും ബിഹാറിലുമില്ലാത്ത മാധ്യമവിലക്കാണ് അട്ടപ്പാടിയിൽ. ഉന്നതതലസംഘത്തെ വെടിവെപ്പുണ്ടായ ഇടത്തേക്ക് അന്വേഷണത്തിനായി അയക്കണം. പൊലീസ് മേധാവി ഉണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് താനവിടെ കണ്ട കാഴ്ചകളെന്നും വി കെ ശ്രീകണ്ഠൻ പറ‌ഞ്ഞു. വെടിവെപ്പുണ്ടായ പാലക്കാട്ടെ മേലേ മഞ്ചിക്കണ്ടിയിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ശ്രീകണ്ഠന്‍റെ വാർത്താ സമ്മേളനം. 

അതേസമയം, മാവോയിസ്റ്റ് ആക്രമണത്തിൽ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എംപിയോടൊപ്പം വാർത്താസമ്മേളനത്തിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മിണ്ടാതിരിക്കുന്ന സിപിഎം ഇപ്പോൾ കാണിക്കുന്ന മൗനം കുറ്റകരമാണ്.

വാളയാർ കേസിൽ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. സ്ഥലത്തെ പഞ്ചായത്തംഗം ഉൾപ്പടെ സംഭവം നടന്നിട്ട് ഈ വീട്ടിൽ പോയിട്ടില്ല. ഒരു പഞ്ചായത്ത് അംഗം സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട്ടിൽ പോയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്.

വാളയാർ കേസിൽ സിബിഐ വന്നാൽ സ്വാഗതം ചെയ്യും. പക്ഷേ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.

മാവോയിസ്റ്റുകളുമായി ഏറ്റമുട്ടൽ നടന്ന പാലക്കാട്ടെ മേലേ മഞ്ചിക്കണ്ടിയിൽ വി കെ ശ്രീകണ്ഠൻ എംപിക്കൊപ്പം പാലക്കാട് ജില്ലയിലെ എംഎൽഎമാരായ ഷാഫി പറമ്പിൽ, വി ടി ബൽറാം, എൻ ഷംസുദ്ദീൻ എംഎൽഎ എന്നിവരും സന്ദർശനം നടത്തിയിരുന്നു. 

click me!