
കൊച്ചി: മരട് നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ലാറ്റ് ഉടമകള്‍ രംഗത്ത്. 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ഉടമകളുടെ ആരോപണം.
എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 14 ഉടമകള്‍ക്ക് ഇടക്കാല ആശ്വാസം നല്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആദ്യ രജിസ്ട്രേഷനില്‍ ഫ്ലാറ്റിന്‍റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നതിന് ആനുപാതികമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ പരാതിയുള്ളവരെ സമിതി കേള്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതംഗീകരിക്കാനാവില്ലെന്നാണ് ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്.
Read Also: മരടിലെ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം അടിയന്തര സഹായമില്ല, 14 ഉടമകൾക്ക് ഇടക്കാലാശ്വാസം
വലിയ വില നല്‍കിയാണ് ഫ്ലാറ്റുകള്‍ വാങ്ങിയത്. പന്ത്രണ്ടോ പതിമൂന്നോ ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കുമ്പോള്‍ ചെലവാക്കിയതിന്‍റെ ഒരു ശതമാനം പോലുമാകുന്നില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി പറഞ്ഞിട്ടുള്ളത് എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കാനാണ്. തങ്ങളുടെ ഭാഗം വിശദമായി കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍, സമിതി ഇത് സ്വന്തം നിലയില്‍ മാറ്റുകയാണ് ചെയ്തത്. അതുകൊണ്ട് ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് തീരുമാനമെന്നാണ് ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്.
ഈ മാസം 25ന് സുപ്രീംകോടതി മരട് കേസ് പരിഗണിക്കുന്നുണ്ട്. അപ്പോള്‍ തങ്ങളുടെ വാദം വിശദമായി ബോധിപ്പിക്കുമെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്. ആദ്യ രജിസ്ട്രേഷനിലെ തുകയ്ക്ക് ആനുപാതികമായി മാത്രമേ നഷ്ടപരിഹാരം നല്‍കാനാവൂ എന്നും അതില്‍ കൂടുതല്‍ ഫ്ലാറ്റുടമകള്‍ക്ക് ചെലവായിട്ടുണ്ടെങ്കില്‍ ഉത്തരവാദി ഫ്ലാറ്റ് നിര്‍മ്മാതാവായിരിക്കും എന്നാണ് സമിതിയുടെ നിലപാട്.
Read Also: നഷ്ടപരിഹാരം വേഗം തരാം, ആധാരവും പണം കൊടുത്ത രേഖകളും മതിയെന്ന് മരടിലെ സമിതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam