മരട് ഫ്ലാറ്റ്: പുനരധിവാസം സംബന്ധിച്ച വിഎസിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി

Published : Sep 30, 2019, 08:09 PM ISTUpdated : Sep 30, 2019, 08:10 PM IST
മരട് ഫ്ലാറ്റ്: പുനരധിവാസം സംബന്ധിച്ച വിഎസിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി

Synopsis

മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ, മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്നായിരുന്നു വിഎസ് പറഞ്ഞത്. കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ചുമതലയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകി

തിരുവനന്തപുരം: മരടിലെ വിവാദ ഫ്ലാറ്റുകളിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. കേസിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് നൽകിയ മറുപടി.

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. "സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും.

 മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല," വിഎസ് പറഞ്ഞു.

"അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക.

 നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്‍റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം," എന്നായിരുന്നു വിഎസിന്റെ ആവശ്യം.

എന്നാൽ കോടതി വിധി നടപ്പിലാക്കുക സർക്കാരിന്റെ ചുമതലയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ്, മറ്റ് വിഷയങ്ങളുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'