ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ നിയോ​ഗിച്ച സബ് കലക്ടർ ഇന്ന് ചുമതലയേൽക്കും, മരട് ന​ഗരസഭക്കെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Sep 25, 2019, 9:17 AM IST
Highlights

വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള മരട് നഗരസഭയുടെ നീക്കം മനുഷ്യാവകാശ ലംഘനമെന്ണെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മരട് മുൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി സർക്കാർ നിയോഗിച്ച ഫോർട്ട് കൊച്ചി  സബ് കല്കടർ സ്നേഹിൽ കുമാർ സിം​ഗ് ഇന്ന് ചുമതലയേൽക്കും. ഇതോടെ ഫ്ലാറ്റുകൾ പൊളിക്കാനുളള പൂർണ ചുമതല സബ് കലക്ടർക്കായിരിക്കും. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കുന്നത്.

ഇതിനിടെ പൊളിക്കേണ്ട ഫ്ലാറ്റുകളിലേക്കുമുളള വൈദ്യുതി ബന്ധവും പാചകവാതക വിതരണവും നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ബന്ധപ്പെട്ടവർക്ക് കത്തുനൽകിയതിൽ കടുത്ത പ്രതിഷേധത്തിലാണ് ഫ്ലാറ്റുടമകൾ. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള മരട് നഗരസഭയുടെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

അതേസമയം അടുത്തഘട്ടമായി കുടിവെളളംകൂടി തടയാനാണ് നഗരസഭയുടെ ആലോചന. ഇക്കാര്യങ്ങളെല്ലാം വെളളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായുളള നടപടികളിലൂടെ ഫ്ലാറ്റിലെ താമസക്കാരുടെ ചെറുത്തുനിൽപ്പിനെ തടയാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നഗസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നൽകിയ ഹർജിയും ഹൈക്കോടതി തളളിയതോടെ സമരപരിപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

കൂടുതല്‍ വായിക്കാം; എന്തുചെയ്താലും ഒഴി‌ഞ്ഞുപോവില്ല, വൈദ്യുതി വിച്ഛേദിക്കുന്നത് മനുഷ്യാവകാശ ലംഘനം: മരട് ഫ്ലാറ്റ് ഉടമകള്‍

തിങ്കളാഴ്ച മരട് കേസുമായി ബന്ധപ്പെട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയുടെ വിമർശനം.

സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കേരളത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിൽക്കുകയും സഹായം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളം പഠിക്കുന്നില്ല. കേരളം നിയമലംഘനം സംരക്ഷിക്കുകയാണോ, കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മരടിലെ എത്ര സമയം വേണം ഫ്ലാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.

കൂടുതല്‍ വായിക്കാം; തീരദേശ നിയമലംഘനങ്ങളുടെ മൊത്തം കണക്ക് നൽകണം: 'മരടി'ൽ സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂകയുള്ളുവെന്നും സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ജോസ് ടോം വ്യക്തമാക്കിയിരുന്നു. കേസിൽ രാജ്യത്തെ ഏറ്റവും മുതിർന്ന ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെയായിരുന്നു സർക്കാരിന് വേണ്ടി ഹാജരായത്.

 

 
click me!