കിറുകൃത്യം; ജെയിൻ കോറൽ കോവിന്റെ അവശിഷ്ടങ്ങൾ കായലിൽ വീണില്ല

By Web TeamFirst Published Jan 12, 2020, 11:42 AM IST
Highlights

ആകെ 50 മീറ്റർ ഉയരമുണ്ടായിരുന്ന ജെയിൻ കോറൽകോവ് കെട്ടിടത്തിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. കായലിലേക്ക് കെട്ടിട അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന് നിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ചിരുന്നു

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ച മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം നിലം പൊത്തി. അവശിഷ്ടങ്ങൾ കായലിലേക്ക് വീഴുമെന്ന് കരുതിയിരുന്നെങ്കിലും കിറുകൃത്യമായിരുന്നു നിയന്ത്രിത സ്ഫോടന നടപടികളെന്ന് തെളിയിച്ചാണ് സമുച്ചയം നിലംപൊത്തിയത്. അവശിഷ്ടങ്ങൾ മതിൽകെട്ടിനകത്ത് നിന്നു.

പൊളിച്ച് മാറ്റാൻ തീരുമാനിച്ചതിൽ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായിരുന്നു ജെയിൻ കോറൽ കോവ്. 16 നിലകളിൽ 128 അപ്പാർട്ട്മെന്റുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 200 മീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നത് വെറും നാല് വീടുകൾ മാത്രമായിരുന്നു. ഫ്ലാറ്റ് സമുച്ചയവും കായലും തമ്മിൽ വെറും ഒൻപത് മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. മതിൽകെട്ടിനകത്ത് തന്നെ കെട്ടിട സമുച്ചയം തകർന്ന് വീഴുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് എഡിഫൈസ് എഞ്ചിനിയറിംഗിലെ വിദഗ്ദൻ ഷാജി കോശി രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ജെയിൻകോറൽകോവ് സമുച്ചയം 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നതായിരുന്നു ലക്ഷ്യം. അത് 100 ശതമാനം കൃത്യതയോടെ നടപ്പാക്കാൻ എഡിഫൈസ് കമ്പനിക്ക് സാധിച്ചു.  ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ടൈമർ ഉപയോഗിച്ച് വലിയ സ്ഫോടനം നടത്തി. ആറ് സെക്കന്റ് കൊണ്ട് ജെയിൻ കോറൽ കോവ് കോൺക്രീറ്റ് കൂമ്പാരമായി മാറി.

ആകെ 50 മീറ്റർ ഉയരമുണ്ടായിരുന്ന ജെയിൻ കോറൽകോവ് കെട്ടിടത്തിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. കായലിലേക്ക് കെട്ടിട അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന് നിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ചിരുന്നു. ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റുകയും ചെയ്തു. ഇതിന് മുകളിലേക്കാണ് അടുക്കടുക്കായി കെട്ടിടാവശിഷ്ടങ്ങൾ വന്ന് പതിച്ചത്.

click me!