മരട് ഫ്ലാറ്റുകൾ ഉപാധികളോടെ ഒഴിയാം: അർഹമായ നഷ്ടപരിഹാരം വേണം: സർക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്

By Web TeamFirst Published Sep 28, 2019, 11:26 AM IST
Highlights

നഷ്ടപരിഹാരം വേഗത്തിൽ നൽകണം, ഫ്ലാറ്റ് ഒഴിയുന്നതിനു മുൻപ് കണക്കെടുപ്പ് പൂർത്തിയാക്കണമെന്നും കത്തിൽ ഉടമകൾ ആവശ്യപ്പെടുന്നു.

കൊച്ചി: മരടിൽ ഫ്ലാറ്റ് ഒഴിയാൻ സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് ഫ്ലാറ്റ് ഉടമകൾ. ഒഴിഞ്ഞു പോകുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നും വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നും സർക്കാരിന് അയച്ച കത്തിൽ ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം വേഗത്തിൽ നൽകണം, ഫ്ലാറ്റ് ഒഴിയുന്നതിനു മുൻപ് കണക്കെടുപ്പ് പൂർത്തിയാക്കണമെന്നും കത്തിൽ ഉടമകൾ ആവശ്യപ്പെടുന്നു.

ബലം പ്രയോഗിച്ചു ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. അതേസമയം, സർക്കാർ നിയോ​ഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ന​ഗരസഭ ഭരണസമിതി രം​ഗത്തെത്തി. പുതുതായി ന​ഗരസഭയുടെ സെക്രട്ടറിയായി ചുമതലയേറ്റ ഐഎഎസ് ഉദ്യോ​ഗസ്ഥൻ സ്നേഹിൽ കുമാർ സിം​ഗാണ് ഭരണ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ന​ഗരസഭയുമായി ബന്ധപ്പെട്ട ഒരു ദൈനംദിന പരിപാടികളിലും പങ്കെടുക്കുന്നില്ല,  ന​ഗരസഭയുടെ ഒരു ഫയലുകളിലും ഒപ്പ് ഇടുന്നില്ല തുടങ്ങിയ പരാതികൾ സെക്രട്ടറിക്കെതിരെ ഉയരുന്നു. 

താൻ ഫ്ലാറ്റ് പൊളിക്കൽ ചുമതലക്കാണ് വന്നത്. അതുകൊണ്ട് ന​ഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് സ്നേഹിൽ കുമാർ നഗരസഭ ചെയർപേഴ്സണോട്  പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ന​ഗരസഭയ്ക്കകത്ത് വലിയൊരു ഭരണപ്രതിസന്ധിയും ഭിന്നതയും ഉണ്ടായിരിക്കുന്നത്. 

വിഷയങ്ങൾ എല്ലാം ചർച്ച ചെയ്യാൻ ന​ഗരസഭ ഇന്ന് അടിയന്തിര കൗൺസിൽ യോ​ഗം വിളിച്ചിട്ടുണ്ട്.ന​ഗരസഭയുടെ അടിയന്തിര സ്റ്റിയറിം​ഗ് കമ്മിറ്റി ചേർന്നിട്ടുണ്ട്. ഇതിന് ശേഷമാകും കൗൺസിൽ യോ​ഗം ചേരുക. ഈ യോ​ഗത്തിൽ സെക്രട്ടറി സാധാരണ ​ഗതിയിൽ പങ്കെടുക്കണം. എന്നാൽ സ്നേഹിൽ കുമാർ സിം​ഗ് കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.  

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. ഫ്ലാറ്റ് പൊളിക്കലിനുള്ള തുടർനടപടിയുമായി സബ് കളക്ടർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. 

അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റന്നാള്‍ കുടിയൊഴിപ്പിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്  ശേഷവും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലഭിച്ചതിന് ശേഷമായിരിക്കും ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുക. ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിക്കാനായിരുന്നു തീരുമാനം.

click me!