
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുക. തങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞ താമസക്കാർ.
വിവിധ വകുപ്പുകളിലെ എൻജിനീയർമാരെ ഉൾപ്പെടുത്തി പതിനൊന്നംഗ സംഘത്തെയാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത്. പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുക, ഇവരുടെ യന്ത്രങ്ങളുടെയും മറ്റും നിലവാരം പരിശോധിക്കുക, പൊളിക്കലിന് നേതൃത്വം നൽകുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
കരാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെത്തിയതിൽ തെരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളോട് പൊളിക്കൽ നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരിൽ രണ്ടെണ്ണമാണ് അവസാന പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. കമ്പനികളുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. ഈ മാസം പതിനൊന്നിനു തന്നെ ഫ്ലാറ്റുകൾ കരാർ നൽകുന്ന കമ്പനിക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഫ്ലാറ്റുകൾ ഒഴിഞ്ഞു പോയ താമസക്കാർ സാധനങ്ങൾ നീക്കം ചെയ്യുന്ന ജോലികളുടെ അവസാന ഘട്ടത്തിലാണ്.
നഷ്ട പരിഹാരം സംബന്ധിച്ച തീരുമാനം എടുക്കാൻ ജസ്റ്റീസ് ബാലകൃഷ്ണൻ നായർ നേതൃത്വത്തിലുള്ള സമിതിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്ലാറ്റുകളിൽ നിന്നും സാധനങ്ങൾ മോഷണം പോകുന്നതായി പരാതി വ്യാപകമായതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam