കള്ളക്കേസിൽ പൊലീസ് നടപടി: അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

Published : Jun 15, 2023, 08:25 PM ISTUpdated : Jun 16, 2023, 07:37 AM IST
കള്ളക്കേസിൽ പൊലീസ് നടപടി: അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

Synopsis

മാർക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പകർപ്പും ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ പത്തിന്  കൊച്ചി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിൽ  ജൂൺ ആറിന് സംപ്രേഷണം ചെയ്ത തത്സമയ റിപ്പോർട്ടിങ്ങിന്‍റെ പകർപ്പും ഹാജരാക്കാൻ  ആവശ്യപ്പെട്ടിട്ടുണ്ട്. കെ വിദ്യക്കെതിരായ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാ‍ർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു പ്രവർത്തകൻ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കെഎസ്‌യു പ്രവർത്തകൻ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പിഎം ആർഷോയുടെ ആരോപണം. പ്രതികളായ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെയും വകുപ്പ് മേധാവിയുടെയും മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുമ്പോഴാണ് അഖിലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. മാർക്ക് ലിസ്റ്റിലെ അപാകത കോളേജ് പ്രിൻസിപ്പൽ അടക്കമുളള അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ ആഴ്ചകൾക്ക് മുൻപേ ചർച്ചയായിരുന്നു. കോളേജിൽ അധ്യാപക സംഘടനകൾ തമ്മിലുള്ള പടലപ്പിണക്കം സംഭവം വിവാദമാകാൻ കാരണമായെന്നാണ് കരുതുന്നത്. 

വാട്സ്‍ആപ് ഗ്രൂപ്പിൽ കഴി‍ഞ്ഞ മെയ് 12നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ചിരിച്ചെന്ന് കോൺഗ്രസ് അനൂകൂല സംഘടനയിൽ അംഗമായ അധ്യാപകൻ അറിയിച്ചത്. ഇതേപ്പറ്റി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടിയിലും സംസാരമുണ്ടെന്ന് മറ്റൊരു അധ്യാപകനും അറിയിച്ചിരുന്നു.

Also Read: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്

എന്നാൽ പിഴവ് തിരുത്താൻ കോളേജ് അധികൃതർ തയാറായില്ല. ആർഷോക്ക് പുറമെ മറ്റ് പല വിദ്യാർഥികളുടെ ഫലവും സമാന രീതിയിൽ ഉണ്ടായിരുന്നു. പിന്നീട് യഥാർത്ഥ മാർക് ലിസ്റ്റ് നൽകുമ്പോൾ തിരുത്താമെന്നായിരുന്നു അന്ന് അധ്യാപകർക്കിടയിൽ ഉണ്ടായ ധാരണ. തോറ്റ വിദ്യാർഥികൾ ജയിച്ചതായും, ജയിച്ച വിദ്യാർത്ഥികൾ തോറ്റതായും വെബ് സൈറ്റിൽ വന്നിരുന്നു. മെയ് 12ന് ആർഷോയുടെ മാർക്‌ലിസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ അത് തിരുത്തിയിരുന്നെങ്കിൽ കേസും വിവാദവും ഒഴിവാക്കാമായിരുന്നെന്നാണ് ഇക്കാര്യം അറിയിച്ച അധ്യാപകർ തന്നെ വാട്സ്‍ആപ് ഗ്രൂപ്പിൽ പിന്നീട് പറഞ്ഞത്. 

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം