
കൊല്ലം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു. കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതിക്ക് അനുകൂലമായി ഭർത്താവും മക്കളും മൊഴി നൽകിയതോടെയാണ് തീരുമാനം. യുവതിയും ഭർത്താവും വിവാഹബന്ധം വേർപെടുത്താനും തീരുമാനിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റൽ ചെയ്ത കേസിലാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി.
രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചാണ് കേസിലെ ഒന്നാം പ്രതിയായ കവിത രണ്ടാം പ്രതിയായ കാമുകൻ ജെർലിൻ ജോൺസണൊപ്പം പോയത്. 2022 ഒക്ടോബർ 7-നായിരുന്നു ഇത്. കവിത കാമുകനൊപ്പമാണ് പോയതെന്ന് മനസിലാക്കിയതിന് പിന്നാലെ കവിതയുടെ അച്ഛൻ സി. പാർത്ഥസാരഥി പിള്ളയാണ് പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317, ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കവിതയെ കുറ്റകൃത്യത്തിന് സഹായിച്ചെന്നതാണ് ജെർലിനെതിരെ കേസെടുക്കാൻ കാരണം. കേസ് കോടതി പരിഗണിച്ച ഘട്ടത്തിൽ പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചു.
പിന്നീട് വിചാരണ ഘട്ടത്തിൽ പ്രതികൾക്കെതിരായ നിലപാട് കവിതയുടെ പിതാവും ഭർത്താവും മക്കളും മാറ്റി. യുവതി ഒളിച്ചോടിയില്ലെന്നാണ് പിതാവും ഭർത്താവും കോടതിയോട് പറഞ്ഞത്. ഇതാണ് കേസിൽ നിർണായകമായത്. പ്രതികൾ കുറ്റം ചെയ്തതായി മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാനും സാധിച്ചില്ല. ഇതോടെ കവിതയെയും ജെർലിനെയും കോടതി വെറുതെ വിട്ടു. കവിതയും ഭർത്താവ് ബി.ബിജുകുമാറും വിവാഹബന്ധം വേർപെടുത്താൻ ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി അഡ്വ. അതുൽ.സിയും ജെർലിൻ ജോൺസന് വേണ്ടി അഡ്വ.ലിജിൻ ഫെലിക്‌സുമാണ് കോടതിയിൽ ഹാജരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam