മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

By Web TeamFirst Published Apr 30, 2024, 12:41 AM IST
Highlights

ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുമെന്നും ഇഡി പറഞ്ഞെങ്കിലും, ശ്വാസം വിടാനുള്ള സമയം പോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ് ഇഡിയെന്ന് തോമസ് ഐസകിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്‍റെ  ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്‍റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ. മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട  ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന്  സിംഗിൾ ബെഞ്ച്  നിരീക്ഷണം നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ്  ഇ ഡി  അപ്പീൽ നൽകിയത്. ഉത്തരവ് നിയമപരമല്ലെന്നും ഇ ഡി അപ്പീലിൽ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇതിൽ അടിയന്തിര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക് കുറ്റപ്പെടുത്തുകയായിരുന്നു.

എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനം ഇല്ലെന്നു ഇ ഡി അറിയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുമെന്നും ഇഡി പറഞ്ഞെങ്കിലും, ശ്വാസം വിടാനുള്ള സമയം പോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ് ഇഡിയെന്ന് തോമസ് ഐസകിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയാണെന്നും അദ്ദേഹം വാദിച്ചു. പത്ത് ദിവസമല്ലേ തെരഞ്ഞെടുപ്പിനുള്ളൂ പിന്നെ എന്തിനാണ് ഇത്ര തിരക്കെന്നായിരുന്നു ഇഡിയോടുള്ള കോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാൽ പോരേയെന്ന് ചോദിച്ചാണ് അപ്പീൽ ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.

'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!