
കൊച്ചി: വിവാദമായ മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പു സമയത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു. സ്ഥാനാർത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ല. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷെ ഇപ്പോൾ തന്നെ വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണെന്നും ഡോ.ടിഎം തോമസ് ഐസക് പറഞ്ഞു. ജനാധിപത്യ പ്രക്രിയയുടെ പവിത്രതയെ അട്ടിമറിക്കാനാണ് ഇ ഡി ഈ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. വിധിയുടെ പകർപ്പ് വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.