കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി മൊബൈലിലൂടെ കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക്ക് പരീക്ഷ റദ്ദാക്കി

By Web TeamFirst Published Oct 24, 2020, 4:19 PM IST
Highlights

പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറി. 
 

തിരുവനന്തപുരം:  വാട്സ് ആപ് ഗ്രൂപ്പ് വഴിയുള്ള കൂട്ടിക്കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി വിദ്യാർത്ഥികൾ രഹസ്യമായി മൊബൈൽ ഫോണുകൾ പരീക്ഷാ ഹാളിൽ കൊണ്ടുവന്നായിരുന്നു കോപ്പിയടി. സൈബർ പൊലീസിനും പരാതി നൽകാനാണ് കെടിയു തീരുമാനം.

ഇന്നലെ നടന്ന ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി. എൻഎസ്എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എംഇഎസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളേജുകളിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. കോളേജ് അധികൃതർ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പരീക്ഷാ ഹാളിലേക്ക് ഒളിച്ച് കടത്തിയ മൊബൈൽ ഫോണിൽ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പുറത്തേക്ക് അയച്ചാണ് തട്ടിപ്പ്. ഉത്തരങ്ങൾ എക്സാം എന്നതടക്കമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയായിരുന്നു. പുറത്ത് നിന്നുള്ളവരാണ് ഉത്തരങ്ങൾ അയച്ചുനൽകിയിട്ടുള്ളത്. നിരവധി വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. 

കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി. കോപ്പിയടി ശ്രദ്ധയിൽപ്പെട്ടതോടെ സിൻഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്. കോപ്പിയടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പാൾമാർക്ക് സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷമാകും തുടർനടപടികൾ. 

click me!