
തിരുവനന്തപുരം; 2022 മെയ് 31. kseb ക്ക് ഇന്ന് ചരിത്ര പ്രധാന്യമുള്ള ദിവസമാണ്. ഡയറക്ടര്‍ തലത്തില്‍ നിന്നും ഏറ്റവും താഴെ തലത്തില്‍ നിന്നുമുള്‍പ്പെട 871 പേരാണ് ഇന്ന് സര്‍വ്വീസ് അവസാനിപ്പിച്ച് പടിയിറങ്ങുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ കെഎസ്ഇബിയില്‍ സേവനം അനുഷ്ടിച്ചവരും ഇക്കൂട്ടത്തിലുണ്ട്.തീര്‍ന്നില്ല. വലുത് വരാനിരിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് നാലായിരത്തോളം ജീവനക്കാരാണ് കെഎസ്ഇബിയില്‍ നിന്ന് വിരമിക്കാനിരിക്കുന്നത്. ജൂണില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ജനനതീയതി മേയ് മാസത്തിലാക്കുന്ന രീതി പണ്ട് വ്യാപകമായിരുന്നതാണ് ഇത്തരത്തില്‍ കൂട്ട വിരമിക്കലിന് വഴിയൊരുക്കുന്നതെന്ന് വിലയിരുത്തലുണ്ട്.
ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍
കൂട്ട വിരമിക്കല്‍ കെഎസ്ഇബിയുടെ പെന്‍ഷന്‍ ബാധ്യത ഗണ്യമായി ഉയര്‍ത്തും. നിലവിലുള്ള ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരാണ് കെഎസ്ഇബിയിലുള്ളത്. സ്ഥിരം ജീവനക്കാര്‍ ഏതാണ്ട് 26000 ഉള്ളപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം 30000ത്തോളമാണ്. കെഎസ്ഇബി 2014ലാണ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. വിരമിക്കല്‍ ആനുകൂല്യങ്ങളുംപെന്‍ഷനും വിതരണം ചെയ്യുന്നതിനായി പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു.16000 കോടി രൂപയോളമാണ് നിലവില്‍ പെന്‍ഷന്‍ ബാധ്യത. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇത് 34000 കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സാമ്പത്തിക ബാദ്ധ്യത കുറക്കാന്‍ കെഎസ്ഇബി ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍
'മെലിയാ'നുറച്ച് കെഎസ്ഇബി
ksebയുടെ വരുമാനത്തിന്‍റെ 27 ശതമാനവും ശമ്പള ബാധ്യതക്കാണ് ചെലവിടുന്നത്.ദേശിയ തലത്തില്‍ ഇത് 15 ശതമാനം മാത്രമാണ്. ശമ്പള ചെലവിനത്തില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കെഎസ്ഇബിക്ക് അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.. ഈ സാഹചര്യത്തില്‍ അപ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ വേണ്ടെന്നു വച്ച് ജീവനക്കാരുടെ എണ്ണം കുറക്കാനാണ് ബോര്‍ഡിന്‍റെ നീക്കം.കൂട്ട വിരമിക്കലിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ കുറവും എത്ര തസ്തികകള്‍ ഒഴിവാക്കാനാകും എന്നതിലെല്ലാം kseb ആഭ്യന്തര പഠനം തുടങ്ങി കഴിഞ്ഞു ഉത്പാദന കേന്ദ്രങ്ങളിലും സബ് സ്റ്റേഷനുകളിലും കൂടുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം, സ്മാര്‍ട് മീറ്റര്‍ സംവിധാനം എന്നിവ നടപ്പാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലെ കുറവു മറികടക്കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ
KSEB : സേവന നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെഎസ്ഇബി; വിജയിക്ക് 50,000 രൂപ സമ്മാനം
കെഎസ്ഇബിയില്‍ (KSEB) നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെഎസ്ഇബി ലിമിറ്റഡ്. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.
വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും. ഇത് കൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നല്‍കും. കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ wss.kseb.in ല്‍ ലോഗിന്‍ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്. ഉപഭോക്തൃ സര്‍വ്വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അതിനനുസൃതമായി സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം.
KSEB: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി, സമരം പിൻവലിച്ച് യൂണിയനുകൾ