തൊടുപുഴയിൽ കുടുംബത്തിലെ മൂന്ന് പേർ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

By Web TeamFirst Published Jan 31, 2023, 5:09 PM IST
Highlights

ആൻറണിയും മകൾ സിൽനയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല

ഇടുക്കി: തൊടുപുഴയിൽ കൂട്ട ആത്മഹത്യാ ശ്രമം. തൊടുപുഴ മണക്കാട് ചിറ്റൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ ആൻറണി, ഭാര്യ ജെസ്സി, മകൾ സിൽന എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ച  ഇവരിൽ ജെസ്സി മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയിലാണ് മൂന്ന് പേരും വിഷം കഴിച്ചത്. ആന്റണിയും സിൽനയും ഇപ്പോൾ വെന്റിലേറ്ററിലാണെന്ന് പരിചരിക്കുന്ന ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആൻറണിയും മകൾ സിൽനയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി നൽകുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ആൻറണിയുടെയും മകൾ സിൽനയുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രദേശവാസികളും ഇക്കാര്യം ശരിവെക്കുന്നു. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് 2.47 ഓടെയാണ് ജെസ്സി മരണമടഞ്ഞത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സി മരിക്കാൻ ഇടയാക്കിയതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതോടെ മരുന്ന് ഫലിക്കാത്ത സ്ഥിതിയായി. ആന്റണിയുടെയും സിൽനയുടെയും സ്ഥിതി മോശമാകാൻ ഇനിയും സാധ്യതയുണ്ട്. ഇന്നലെ രാത്രിയിൽ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചുവെന്നും ഈ സമയത്ത് മൂന്ന് പേരും അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

click me!