
സുല്‍ത്താന്‍ത്താന്‍ബത്തേരി: മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തിലുണ്ടായ അഗ്നിബാധയില്‍ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഓടപ്പള്ളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് നൂറ് മീറ്റര്‍ മാറി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് അഗ്നിബാധ പ്രദേശവാസികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെട്ടത്.
കാട്ടിനുള്ളിലെ മുളങ്കാടുകളിലാണ് ആദ്യം തീപടര്‍ന്നതെന്നാണ് നിഗമനം. ആദ്യം ഒരു മുളങ്കാടില്‍ മാത്രമായിരുന്നു തീ പടര്‍ന്നത്. കനത്ത അഗ്നിബാധയില്‍ മുള പൊട്ടിത്തെറിച്ച് സമീപത്തെ ഇല്ലിക്കാടുകളിലേക്കും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. നാട്ടുകാരും വനം ഉദ്യോഗസ്ഥരും അറിയിച്ചതനുസരിച്ച് ബത്തേരി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും വിചാരിച വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. വേനല്‍ ചൂടും കരിയിലകളില്‍ അങ്ങിങ്ങായി വീണുകൊണ്ടിരുന്ന തീനാളങ്ങളും കാരണം മിനിറ്റുകള്‍ക്കകം മറ്റിടങ്ങളിലും അഗ്നിബാധയുണ്ടാകുകയായിരുന്നു. ഒരു വാട്ടര്‍ലോറിയും രണ്ട് ടാങ്കറുകളുമടക്കം നാല് വാഹനങ്ങളും 12 ഓളം ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും വനംവകുപ്പിലെ വാച്ചര്‍മാരും നാല് മണിക്കൂര്‍ നേരത്തെ കഠിന പ്രയ്തനം നടത്തിയാണ് അഞ്ച് മണിയോടെ തീ പൂര്‍ണമായും അണച്ചത്. ഇരുപതിനായിരം ലിറ്റര്‍ വെള്ളം തീ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആവശ്യം വന്നതായി അഗനിശമനസേന ഉദ്യോഗസ്ഥര്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ആറ് ഏക്കറോളം വിസ്തൃതിയില്‍ വനത്തിലെ ഇല്ലിക്കാടുകളും മരങ്ങളും കുറ്റിച്ചെടികളുമൊക്കെ അഗ്നിബാധയില്‍ നശിച്ചു. അതേ സമയം തീ അണക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ ചര്‍ച്ചയായി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വനത്തില്‍ കൃത്യമായി ഏത് വഴി നീങ്ങണമെന്നതിനെ കുറിച്ച് ആദ്യമൊന്നും ധാരണയില്ലായിരുന്നു. കാട് പരിചയമുളള വനം ഉദ്യോഗസ്ഥര്‍ക്ക് അഗ്നിശമന സേന ഉദ്യോഗസ്ഥരുമായി ശരിയായ വിധത്തില്‍ ആശവിനിമയം നടത്താന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം. അതേ സമയം അഗ്നിബാധയുണ്ടാകിനിടയായ കാരണങ്ങളെ കുറിച്ച് വനംവകുപ്പ് അന്വേഷണം നടത്തും. പ്രദേശത്ത് അഗ്നിബാധ തടയുന്നതിന് ആവശ്യമായ ഫയര്‍ലൈന്‍ പ്രവൃത്തികളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും തീ എത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍, ഐ. ജോസഫ്, സി.ടി. സൈതലവി, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസമാരായ കെ.എം. ഷിബു, മോഹനന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനൂപ്, നിബില്‍ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാര്‍ഡ് ശശി, ഷാജന്‍ എന്നിവരാണ് തീ അണക്കല്‍ ദൗത്യത്തില്‍ പങ്കാളികളായത്. 2019-ലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ വടക്കനാട് പ്രദേശത്ത് കല്ലൂര്‍കുന്ന്, ആനപ്പന്തി, പാറക്കൊല്ലി, അമ്പതേക്കര്‍, ഏഴുചാല്‍കുന്ന്, പച്ചാടി, പള്ളിവയല്‍, പണയമ്പം, ചെതലയം പുല്ലുമല എന്നിവിടങ്ങില്‍ വ്യാപകമായി കാട്ടുതീ ഉണ്ടായി. ഏകദേശം 75 ഏക്കറില്‍ അടിക്കാടും മുളങ്കാടും അന്ന് ചാമ്പലായിരുന്നു. പുല്ലുമലയില്‍ മാത്രം ഒരു ഏക്കര്‍ വനമാണ് അഗ്നിക്കിരയായത്. മാനന്തവാടി നഗരസഭ പരിധിയിലെ പിലാക്കാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലും ശനിയാഴ്ച അഗ്നിബാധയുണ്ടായി. മാനന്തവാടി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.