
തൃശ്ശൂർ: ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗണ്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി തൃശൂര്‍ സ്വദേശിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ തട്ടിയത് ഒരുകോടി 96 ലക്ഷം രൂപ. മൂന്നു മാസത്തിനുള്ളില്‍ 25 തവണയായി പണം നല്‍കിയെന്ന് തട്ടിപ്പിന് ഇരയായ ആള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബ്ലോക്ക് ട്രേഡിങ്ങിന്‍റെ പേരിലായിരുന്നു സാമ്പത്തികാപഹരണം.
തൃശൂര്‍ സ്വദേശിയായ വ്യക്തിക്ക് ഒരുകോടി തൊണ്ണൂറ്റിയാറു ലക്ഷം രൂപയാണ് മൂന്നു മാസം കൊണ്ട് നഷ്ടപ്പെട്ടത്. ട്രേഡിങ്ങില്‍ തല്‍പരനായിരുന്നു. ഫേസ് ബുക്ക് വഴിയാണ് തട്ടിപ്പു സംഘം ഇയാളിലേക്കെത്തുന്നത്. ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗണ്‍ സ്റ്റാന്‍ലിയുടെ ഇന്ത്യന്‍ പ്രതിനിധിയാണ്. ആസ്ഥാനം മുംബൈയിലാണെന്നും വന്‍കിട കമ്പനികൾ നടത്തുന്ന ബ്ലോക്ക് ട്രേഡിങ്ങില്‍ പണമിറക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാമെന്നും വാഗ്ദാനം നൽകി. മെസഞ്ചറില്‍ തുടങ്ങിയ ചാറ്റ് വാട്സാപ്പിലേക്ക് വളര്‍ന്നു. വിശ്വാസം നേടിയത് രണ്ടു കാര്യങ്ങളിലൂടെയാണ്.
25 തവണയായി പതിനഞ്ച് അക്കൗണ്ടുകളിലേക്ക് പണം നല്‍കി. നിക്ഷേപം പിന്‍വലിക്കണമെന്നു പറഞ്ഞതോടെ ലാഭവിഹിതം അടയ്ക്കണമെന്നായി. അതും നല്‍കിയതോടെ വാട്സാപ്പ് ബ്ലോക്കായി. ജനുവരി മുതലാണ് അക്കൗണ്ടുകളിലേക്ക് പണം അയച്ചു തുടങ്ങിയത്. മാര്‍ച്ചെത്തുമ്പോഴേയ്ക്കും കൈയ്യില്‍ നിന്ന് പോയത് ഒരു കോടി 96 ലക്ഷം രൂപ.
തട്ടിപ്പ് തിരിഞ്ഞതോടെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലായ 1930ൽ പരാതി നല്‍കി. പണമയച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തട്ടിപ്പുകാരുടെ ഒട്ടുമിക്ക അക്കൗണ്ടുകളും വാടക അക്കൗണ്ടുകളായിരുന്നു. ഒമ്പത് ലക്ഷം സൈബര്‍ പോലീസ് തിരിച്ചു പിടിച്ചു നല്‍കി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതില്‍ പതിനഞ്ച് ലക്ഷമുണ്ട്. ബാക്കി തുക തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ് തൃശ്ശൂര്‍ സ്വദേശിയും പൊലീസുമിപ്പോള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam