
തിരുവനന്തപുരം : അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ ഭൂമി വിൽപന. കോട്ടത്തറ വില്ലേജ് ഓഫീസര്‍ നൽകിയ സാക്ഷ്യപത്രത്തിന്‍റെ ബലത്തിൽ 575 ഏക്കര്‍ വിറ്റെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി. ഇതിനെതിരെ ആധാരമെഴുത്ത് അസോസിയേഷൻ നൽകിയ പരാതിയിലും എതിര്‍ പരാതിയിലും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.
2023- 2024 കാലത്താണ് ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിറ്റത്. നിയമം അനുസരിച്ച് 15 ഏക്കര്‍ വരെയാണ് കൈവശം വയ്ക്കാവുന്നത്. അട്ടപ്പാടിയിൽ മൂപ്പിൽ നായരുടെ കുടുംബത്തിന്‍റെ കൈവശമുള്ള നൂറ് കണക്കിന് ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമി ആരെല്ലാം വിറ്റുവെന്ന എം.കെ മുനീറിന്‍റെ ചോദ്യത്തിന് തണ്ടപ്പേര് അടിസ്ഥാനത്തിലുള്ള വിവരം രജിസ്ട്രേഷൻ വകുപ്പിന്‍റെ കൈവശമില്ലെന്നാണ് മന്ത്രിയുടെ മറുപടി. എന്നാൽ പേര് വച്ച് തെരച്ചിൽ നടത്തിയതിൽ കോട്ടത്തറ വില്ലേജിലെ ഒൻപത് സര്‍വേ നമ്പരിലെ 575 ഏക്കര്‍ വിറ്റെന്ന് മന്ത്രി വ്യക്തമാക്കുന്നു.
അഗളി സബ് റജിസ്ട്രാര്‍ ഓഫീസിൽ 183 അധാരങ്ങളാണ് റജിസ്തര്‍ ചെയ്തത്. 20 പേരാണ് ഭൂമി വിറ്റത്. ഈ ഭൂമിയിൽ വേറെയാരും കരമടയ്ക്കുന്നില്ലെന്ന് കോട്ടത്തറ വില്ലേജ് ഓഫീസറുടെ കൈവശ സാക്ഷ്യ പത്രത്തിന്‍റെ ബലത്തിലാണ് വമ്പൻ ഭൂമി വിൽപന. ഇതിനെതിരെ നവംബര്‍ 20ന് ആധാരമെഴുത്ത് അസോസിയേഷൻ റജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. അന്വേഷണത്തിന് മധ്യമേഖല ഡെപ്യൂട്ടി റജിസ്ട്രേഷൻ ഇന്‍സ്പെക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു. ഭൂമി വിറ്റവരിൽ ഒരാൾ എതിര്‍ പരാതിയും നൽകി. അന്വേഷിക്കാൻ പാലക്കാട് ജില്ലാ റജിസ്ട്രാറെ ചുമതലപ്പെടുത്തി. പക്ഷേ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിറ്റിട്ടും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ടായിട്ടില്ല. ഇപ്പോഴും സമാനമായ ഭൂമി ഇടപാട് അട്ടപ്പാടിയിൽ തുടരുന്നുവെന്നാണ് ആരോപണം. വില്ലജ് ഓഫീസറുടെ സാക്ഷ്യ പത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭൂപരിഷ്കരണ ലംഘിച്ചുള്ള വിൽപനയെങ്കിലും റവന്യൂവകുപ്പ് ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന, ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു