
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ സി പി എമ്മിനോട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. വീണയ്ക്കെതിരായ ആരോപണം പ്രതിരോധിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ രംഗത്തെത്തിയത് ചോദ്യം ചെയ്താണ് മാത്യൂ കുഴൽനാടൻ രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദ കാലത്ത് മക്കളുടെ കാര്യത്തിൽ പാർട്ടി പ്രതിരോധിക്കാൻ ഇറങ്ങില്ലെന്ന് കോടിയേരിയെ കൊണ്ട് പറയിപ്പിച്ച പാർട്ടി വീണയ്ക്കെതിരായ വിവാദം വന്നപ്പോൾ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
സി പി എം എന്ന പാർട്ടി ഭയക്കുന്നത് ഇന്ന് പിണറായിയെ മാത്രമാണെന്നും പൊളിറ്റ്ബ്യൂറോ അടക്കം എല്ലാവരും പിണറായിയെ ഭയക്കുന്നു എന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. ബിനിഷ് വിവാദത്തിൽ പ്രതിരോധത്തിന് ഇറങ്ങാത്ത സി പി എം വീണ വിവാദത്തിൽ പ്രതിരോധം തീർക്കുന്നത് പിണറായിയെ ഭയമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് പിണറായിയെ ഭയം ഇല്ലെന്നും മാത്യൂ, എ കെ ബാലന്‍റെ പരാമർശത്തിന് മറുപടിയും നൽകി.
ആരോപണം ഉയർന്ന പണം സുതാര്യമാണെങ്കിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ് സത്യവാങ്ങ്മൂലത്തിൽ ഈ തുക എന്തുകൊണ്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകന്‍റെയും മകളുടെയും സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഏതൊക്കെ കമ്പനികളുമായാണ് വീണയുടെ കമ്പനിക്ക് ബിസിനസ് ബന്ധം ഉള്ളത് എന്ന് വെളിപ്പെടുത്തണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
അതേസമയം കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങിയ മാസപ്പടി ആക്ഷേപത്തിൽ വീണ വിജയനെ പൂര്‍ണ്ണമായും പ്രതിരോധിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും രാവിലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എം ആര്‍ എൽ കമ്പനിയിൽ നിന്ന് മൂന്ന് വര്‍ഷത്തിനിടെ ഒരുകോടി എഴുപത്തിരണ്ട് ലക്ഷം കൈപ്പറ്റിയെന്ന മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കണ്ടെത്തലിൽ അഴിമതി ആക്ഷേപം പൂര്‍ണ്ണമായും സി പി എം തള്ളിക്കളഞ്ഞിരുന്നു. സെക്രട്ടേറിയറ്റ് യോഗം ചേരും മുൻപ് മാധ്യമങ്ങളെ കണ്ട എ കെ ബാലനാകട്ടെ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. വീണയുടെ കമ്പനി ഇനിയും കരാറുണ്ടാക്കും അതിലെന്താണ് തെറ്റ്? സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് തടസമെന്തായിരുന്നു, ഇതിന്‍റെ പേരിൽ പൊട്ടിത്തെറി നടക്കാനിരിക്കുന്നത് യു ഡി എഫിലും കോൺഗ്രസിലുമാണെന്നും എ കെ ബാലൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പേടിച്ചാണ് നിയമസഭയിൽ പ്രശ്നം പ്രതിപക്ഷം ഉന്നയിക്കാതിരുന്നതെന്നും എ കെ ബാലൻ തുറന്നടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം